ലണ്ടൻ : പാക് അധിനിവേശ കാശ്മീർ, ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ എന്നിവയെ പാകിസ്ഥാന്റെ ഭൂപടത്തിൽ നിന്നും സൗദി അറേബ്യ നീക്കം ചെയ്തതായി പാക് അധിനിവേശ കാശ്മീർ ആക്ടിവിസ്റ്റ് അംജദ് അയൂബ് മിർസ. ' സൗദി അറേബ്യ, പാക് ഭൂപടത്തിൽ നിന്നും പാക് അധിനിവേശ കാശ്മീരിനെയും ഗിൽഗിറ്റ് - ബാൾട്ടിസ്ഥാനെയും നീക്കം ചെയ്യുന്നു ! ' അംജദ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയ്ക്ക് വേണ്ടിയുള്ള സൗദി അറേബ്യയുടെ ദീപാവലി സമ്മാനമാണിതെന്നും അംജദ് ട്വീറ്റ് ചെയ്തു.
നവംബർ 21 മുതൽ 22 വരെ സൗദിയിൽ നടക്കാൻ പോകുന്ന ജി - 20 ഉച്ചകോടിയ്ക്ക് മുന്നോടിയായി 20 റിയാലിന്റെ നോട്ട് സൗദി പുറത്തിറക്കിയിരുന്നു. ഈ നോട്ടിൽ ചിത്രീകരിച്ചിരിക്കുന്ന ലോക ഭൂപടത്തിൽ പാക് അധിനിവേശ കാശ്മീർ, ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ എന്നിവയെ പാകിസ്ഥാന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ട്. പാകിസ്ഥാന് സൗദിയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടിയാണിതെന്നും പുതിയ നയം സ്വീകരിക്കുന്നതിനുള്ള സൗദിയുടെ ആദ്യപടിയാണിതെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.
അതേ സമയം, ഓഗസ്റ്റിൽ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയിരുന്നു. ജമ്മു കാശ്മീർ, ലഡാക്, ഗുജറാത്തിലെ ജുനഗഢ് എന്നിവ ഉൾപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനായിരുന്നു ഭൂപടം പുറത്തിറക്കിയത്. ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ഭരണഘടന അനുഛേദം 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിന്റെ തലേദിവസമായിരുന്നു പാകിസ്ഥാൻ വ്യാജ ഭൂപടം ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |