കോഴിക്കോട്: വൃക്കരോഗ ചികിത്സയ്ക്കും ഗവേഷണങ്ങൾക്കുമായി അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ഒരുക്കിയ ഇഖ്‌റ കിഡ്‌നി കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വിർച്വലായി നിർവഹിക്കും. വൃക്കരോഗ ചികിത്സയ്ക്കും ഗവേഷണത്തിനുമുള്ള കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രമാണിത്.
നിർദ്ധന രോഗികൾക്ക് ഏറ്റവും കുറഞ്ഞനിരക്കിൽ ചികിത്സ ലഭ്യമാക്കും. ചടങ്ങിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. രാഘവൻ, എം.എൽ.എമാരായ എ. പ്രദീപ്കുമാർ, ഡോ.എം.കെ. മുനീർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
ജെ.ഡി.ടി ഇസ്ളാം ഓർഫനേജ് കമ്മിറ്റിയുടെ ഹെൽത്ത്‌കെയർ സംരംഭമാണ് ഇഖ്‌റ ആശുപത്രി. മലബാർ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 12 കോടി രൂപ ചെലവിലാണ് ഇഖ്‌റ കിഡ്‌നി കെയർ ആൻഡ് റിസർച്ച് സെന്ററിന് 10 നില കെട്ടിടം നിർമ്മിച്ച് നൽകിയത്. മൊത്തം 35 കോടി രൂപയാണ് സെന്ററിന്റെ ചെലവ്. അസീം പ്രേംജി ഫിലന്ത്രോപ്പിക് ഇനീഷ്യേറ്റീവ്, തണൽ വടകര തുടങ്ങിയവയുടെയും വ്യക്തികളുടെയും സഹായവും ലഭിച്ചു.
പ്രതിദിനം 180 രോഗികൾക്ക് ഡയാലിസിസിനുള്ള സൗകര്യം ഇവിടെയുണ്ടാകും. അത്യാധുനിക സൗകര്യങ്ങളോടെ 30 കിടക്കകളുള്ള ഐ.സി.യുവുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കിൽ വൃക്കമാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്കുള്ള സൗകര്യവുമുണ്ടാകും. കൊവിഡ് പശ്‌ചാത്തലത്തിൽ, കൊവിഡ് ബാധിതരായ വൃക്കരോഗികൾക്കായാണ് തത്കാലം സെന്റർ പ്രവർത്തിക്കുക. ജനങ്ങളോട് പ്രതിബദ്ധതയുള്ള ബിസിനസ് സ്ഥാപനം എന്നനിലയ്ക്കാണ് സെന്റർ യാഥാർത്ഥ്യമാക്കാൻ മലബാർ ഗ്രൂപ്പ് പങ്കാളിയായതെന്ന് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |