തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ആയിരം കോടി രൂപയുടെ വിദേശ സഹായം തേടാൻ കെ.എസ്.ആർ.ടി.സി നീക്കം തുടങ്ങി. അന്തരീക്ഷ മലിനീകരണം ഒഴിവാക്കി പൊതുഗതാഗതം നടപ്പാക്കുമ്പോൾ ലഭിക്കുന്ന വിദേശ ഫണ്ട് നേടാനാണ് ശ്രമം. നേരത്തെ ജപ്പാൻ, കൊറിയ, ഫ്രാൻസ്, ബ്രസീൽ എന്നീ രാജ്യങ്ങളിലെ ഏജൻസികൾ സാമ്പത്തിക സഹായ സന്നദ്ധത ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു. അതിനൊപ്പം ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെ ഗ്രീൻഫണ്ട് കൂടി നേടാനാണ് മാനജ്മെന്റിന്റെ ശ്രമം.ഈ ഏജൻസികൾക്കെല്ലാം പലിശ ഒന്നു മുതൽ രണ്ടു വരെ ശതമാനമാണ്. കെ.എസ്.ആർ.ടി.സിക്ക് കിഫ്ബി വായ്പ നൽകിയത് 4% പലിശയ്‌ക്കാണ്. ബാങ്ക് കൺസോർഷ്യത്തിന്റെ പലിശ 8.25% ആണ്. ഏജൻസികളുമായി മറ്റ് വ്യവസ്ഥകളിൽ ധാരണയായാൽ കോർപറേഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. തുടർന്ന് കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെ ഫണ്ട് സ്വീകരിക്കും.ജപ്പാനിലെ ഓവർസീസ് ഇൻഫ്രാസ്ട്രക്‌ച്ചർ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ ഫോർ ട്രാൻസ്പോർട്ട് ആൻഡ് അർബൻ ഡവലപ്മെന്റ് ,കൊറിയിലെ തോഷിബ ഇന്റർനാഷണലിന്റെ ഫിനാൻസ് വിംഗ് തുടങ്ങിയ ഏജൻസികളുമായി പ്രാഥമിക ആശയ വിനിമയം നടത്തിയെന്നാണ് വിവരം. നേരത്തെ ബ്രസീൽ കമ്പനി ഇന്ത്യൻ എംബസി വഴി സംസ്ഥാന ഗതാഗത വകുപ്പിന് മെയിൽ അയച്ചിരുന്നു. അവരുടെ സി.എൻ.ജി, ഇലക്ട്രിക് ബസുകൾ വാങ്ങിയാൽ ഒരു ശതമാനം പലിശയ്‌ക്ക് വായ്പ നൽകാമെന്നാണ് വാഗ്ദാനം. ഇതേ വാഗ്ദാനം ഒരു ഫ്രഞ്ച് കമ്പനിയും നൽകിയിട്ടുണ്ട്.
ഭയക്കേണ്ടത് വിവാദത്തേയും വ്യവസ്ഥകളേയും
വിദേശ ഫണ്ട് സ്വീകരിക്കുമ്പോൾ ഉണ്ടാകാനിടയുള്ള വിവാദത്തെ ഗതാഗത വകുപ്പ് ഭയക്കുകയാണ്. ഫണ്ട് നൽകുമ്പോൾ ഏജൻസികൾ വയ്ക്കുന്ന വ്യവസ്ഥകളും കുരുക്കാകാം.
കടമ്പകൾ
കൺസൾട്ടൻസി സേവനം സ്വീകരിക്കണം
ഏജൻസിയിൽ നിന്നോ അവർ നിർദ്ദേശിക്കുന്ന കമ്പനികളിൽ നിന്നോ പർച്ചേസ് ചെയ്യേണ്ടിവരും
കേന്ദ്ര ഗവൺമെന്റ് സപ്പോർട്ടിംഗ് ഗാരണ്ടി നൽകേണ്ടി വരും
അല്ലെങ്കിൽ പദ്ധതി കേന്ദ്ര സർക്കാരിന്റേതാക്കണം
കടത്തിന്റെ അവസ്ഥ
ആകെയുണ്ടായിരുന്നത് 8000 കോടി രൂപ
അതിൽ സർക്കാർ ഓഹരി 3194 കോടി രൂപ
ബാങ്ക് കൺസോർഷ്യം 3600 കോടി
ബാക്കി മറ്റ് ധനകാര്യസ്ഥാപനങ്ങൾ നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |