ചെന്നൈ: പശുവിന്റെ വയർ പരിശോധിച്ച ഡോക്ടർമാർ അന്തംവിട്ടുപോയി. വർഷങ്ങൾ നീണ്ട അവരുടെ കരിയറിനിടെ ഇത്തരത്തിലൊന്ന് കാണുന്നത് ആദ്യമായിട്ടായിരുന്നു. ഒട്ടുംവൈകാതെ ശസ്ത്രക്രിയ നടത്തി. പുറത്തെടുത്ത വേസ്റ്റിന്റെ തൂക്കം നോക്കിയപ്പോൾ അവർ വീണ്ടും ഞെട്ടി. 52 കിലോ പ്ളാസ്റ്റിക്ക്. ഒപ്പം മറ്റുചില വസ്തുക്കളും.
കഴിഞ്ഞദിവസം തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണ് ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റിൽനിന്ന് ഇത്രയധികം മാലിന്യങ്ങൾ നീക്കം ചെയ്തത്. പശു ഒന്നും കഴിക്കുന്നില്ലെന്ന പരാതിയുമായാണ് ഉടമ മുനിരത്നം അടുത്തുളള മൃഗാശുപത്രിയിൽ എത്തിയത്. ഡോക്ടർ പരിശോധിച്ചെങ്കിലും എന്താണ് പ്രശ്നമെന്ന് പിടികിട്ടിയില്ല. തുടർന്ന് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
അവിടെ നടത്തിയ എക്സ്റേ, സ്കാൻ പരിശോധനയിലാണ് പശുവിന്റെ വയറ്റിനുളളിൽ അന്യവസ്തുക്കൾ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ഉടൻ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അഞ്ചുമണിക്കൂർ കൊണ്ടാണ് മാലിന്യങ്ങൾ മുഴുവൻ നീക്കംചെയ്തത്. പ്ളാസ്റ്റിക്കിന് പുറമേ റബർ, തുണികൾ എന്നിവയും ഉണ്ടായിരുന്നു. പശുവിന്റെ ആമാശത്തിന്റെ എഴുപത്തഞ്ചുശതമാനത്തോളം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയയ്ക്കുശേഷം പശുവിന്റെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |