ഇടുക്കി: നരിയമ്പാറ പീഡന കേസിലെ പ്രതി മനു മനോജിന്റെ മരണത്തിൽ ആരോപണവുമായി പിതാവ് മനോജ്. മനുവിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടി തൂക്കിയതാണെന്നും രണ്ട് പേരുടെ ജീവനെടുത്തത് ബി ജെ പിയുടെ രാഷ്ട്രീയ കളിയാണെന്നുമാണ് പിതാവിന്റെ ആരോപണം. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ട്. അയാളുടെ സമ്മർദ്ദമോ പിടിവാശിയോ മൂലം മനുവിനെ തല്ലിക്കൊന്ന് കെട്ടി തൂക്കിയതാണെന്നാണ് മനോജ് ആരോപിക്കുന്നത്.
ഗ്രില്ലിൽ തോർത്ത് കെട്ടി കഴുത്തിൽ ചുറ്റാനുളള നീളം മനുവിന് കിട്ടില്ല. തോർത്തിൽ തൂങ്ങി മരിച്ച ഒരാളുടെ ശരീരത്തിൽ മുറിവുണ്ടാകുന്നത് എങ്ങനെയാണെന്നും പിതാവ് ചോദിക്കുന്നു. വ്യാഴാഴ്ചയാണ് നരിയമ്പാറ പീഡനക്കേസിലെ പ്രതിയായ മനു മനോജ് ജയിലിലെ രണ്ടാംനിലയിൽ തൂങ്ങി മരിച്ചത്. തോർത്തും ഉടുമുണ്ടും കൂട്ടികെട്ടിയാണ് മനു ആത്മഹത്യ ചെയ്‌തത് എന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.
മൃതദേഹം കൊവിഡ് പരിശോധനയ്‌ക്ക് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെയാണ് പിതാവ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടിയും യുവാവും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥൻ തെറ്റായി വ്യാഖ്യാനിക്കുകയും അയാളുടെ സമ്മർദ്ദത്തിലാണ് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതെന്നുമാണ് പിതാവിന്റെ ഭാഷ്യം.
പെൺകുട്ടിയെ പ്രായപൂർത്തിയായ ശേഷം മനുവിന് വിവാഹം കഴിപ്പിച്ച് നൽകാമെന്ന് മരിച്ച കൂട്ടിയുടെ വീട്ടുകാർ പറഞ്ഞിരുന്നു. പിന്നീട് പൊലീസുകാരൻ ഇടപെട്ട് സംഭവം അട്ടിമറിക്കുകയായിരുന്നു. മനു ഡി വൈ എഫ് ഐ പ്രവർത്തകനായത് കൊണ്ടു തന്നെ ബി ജെ പിക്കും രാഷ്ട്രീയ വൈര്യമുണ്ടായിരുന്നു. രാഷ്ട്രീയ വൈര്യത്തിന്റെ ഇരയാണ് മനുവെന്നും മനോജ് ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |