തിരുവനന്തപുരം: ബി ഡി ജെ എസിലെ തർക്കത്തിൽ തുഷാർ വെളളാപ്പളളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. സുഭാഷ് വാസുവിന്റെ അവകാശവാദം തളളി തെരഞ്ഞെടുപ്പ് കമ്മീഷൻ തുഷാറിന്റെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികയ്‌ക്ക് അംഗീകാരം നൽകി.
മുൻപ് പാർട്ടി നേതൃത്വത്തിനെതിരെ പ്രവർത്തിച്ച സുഭാഷ് വാസുവിനെ മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട തട്ടിപ്പിൽ ഉൾപ്പെട്ടതിനെ തുടർന്ന് ബി.ഡി.ജെ.എസിൽ നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയൻ എസ്.എൻ.ഡി.പി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. തുടർന്ന് തർക്കമുണ്ടായതോടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കമ്മീഷന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്. മുൻപ് ജനുവരി മാസത്തിൽ കേന്ദ്ര പദവിയായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം സുഭാഷ് വാസു രാജിവച്ചിരുന്നു. മോദി സർക്കാരിന് കീഴിൽ ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്‌പൈസസ് ബോർഡ് ചെയർമാൻ പദവി.
നിലവിൽ തുഷാർ വെളളാപ്പളളി പ്രസിഡന്റും എ.ജി തങ്കപ്പൻ വൈസ് പ്രസിഡന്റും രാജേഷ് നെടുമങ്ങാട് ജനറൽ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |