മുംബയ്: ധനകാര്യ മേഖലയിൽ സാങ്കേതികവിദ്യകളിൽ അധിഷ്‌ഠിതമായ പുത്തൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നത് ലക്ഷ്യമിട്ട് റിസർവ് ബാങ്ക് രൂപീകരിച്ച ഇന്നൊവേഷൻ ഹബ്ബിന്റെ (ആർ.ബി.ഐ.എച്ച്) ചെയർമാനായി മലയാളിയും ഇൻഫോസിസിന്റെ സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്‌ണനെ നിയമിച്ചു. ആഗസ്‌റ്റിലാണ് ഇന്നൊവേഷൻ ഹബ്ബ് രൂപീകരിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.
ചെയർമാൻ നയിക്കുന്ന ഗവേണിംഗ് കൗൺസിലാണ് ആർ.ബി.ഐ.എച്ചിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക. സേനാപതി (ക്രിസ്) ഗോപാലകൃഷ്‌ണനെ കൂടാതെ ഒമ്പത് അംഗങ്ങൾ കൂടി സമിതിയിൽ ഉണ്ടാകും. ആർ.ബി.ഐ.എച്ചിന്റെ സി.ഇ.ഒയെ കൂടി ഉടൻ നിയമിക്കും.
ഐ.ഐ.ടി മദ്രാസ് പ്രൊഫസർ അശോക് ജുൻജുൻവാല, ഐ.ഐ.എസ് ബംഗളുരു പ്രിൻസിപ്പൽ റിസർച്ച് സയന്റിസ്റ്റ് എച്ച്. കൃഷ്‌ണമൂർത്തി, ടി.വി.എസ് കാപ്പിറ്റൽ ഫണ്ട്സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഗോപാൽ ശ്രീനിവാസൻ, നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) മുൻ സി.ഇ.ഒ എ.പി. ഹോത്ത, സിൻഡിക്കേറ്റ് ബാങ്ക് മുൻ ചെയർമാൻ മൃത്യുഞ്ജയ് മഹാപത്ര, റിസർവ് ബാങ്ക് മുൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ടി. രബി ശങ്കർ, സി.ജി.എം ദീപക് കുമാർ, ഹൈദരാബാദ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്‌നോളജി ഡയറക്‌ടർ കെ. നിഖില എന്നിവരാണ് സമിതിയംഗങ്ങൾ.
ധനകാര്യ രംഗത്തെ ഇന്നൊവേഷൻ സ്ഥാപനങ്ങൾ, സ്‌റ്റാർട്ടപ്പുകൾ എന്നിവയുമായി സഹകരിച്ചായിരിക്കും ആർ.ബി.ഐ.എച്ചിന്റെ പ്രവർത്തനം. നിലവിൽ, സ്‌റ്റാർട്ടപ്പുകളുടെ ഇൻകുബേഷൻ ഹബ്ബായ കളമശേരി സ്‌റ്റാർട്ടപ്പ് വില്ലേജിന്റെ ചീഫ് മെന്റർ കൂടിയാണ് എസ്. ഗോപാലകൃഷ്‌ണൻ. ആക്‌സിലർ വെഞ്ച്വേഴ്സിന്റെ ചെയർമാനുമാണ്. ആർ.ബി.ഐ.എച്ചിന്റെ പ്രവർത്തനം സാമ്പത്തിക ഉൾപ്പെടുത്തലിനും (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) ഊർജമാകുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |