
ന്യൂഡൽഹി: കൈയേറ്റം ഒഴിവാക്കുന്നതിനിടെ ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഡൽഹിയിൽ അഞ്ചുപേർ അറസ്റ്റിൽ. തുർക്ക്മാൻ ഗേറ്റിന് സമീപത്തുള്ള ഫൈസ് ഇ ഇലാഹി മസ്ജിദിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയായിരുന്നു പൊലീസ് നടപടി.
ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മസ്ജിദിനോടുചേർന്നുള്ള അനധികൃത കൈയേറ്റങ്ങൾ തടയുന്നതിന്റെ ഭാഗമായി ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ ഉദ്യോഗസ്ഥർ പൊലീസുകാരോടൊപ്പം ജെസിബിയുമായി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 30ൽ അധികം ആളുകൾ പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിയുകയായിരുന്നു. പുറത്തുവന്ന വീഡിയോയിൽ ആളുകൾ മതപരമായ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ പറഞ്ഞ് കല്ലെറിയുന്നത് കാണാം.
കെട്ടിടങ്ങൾ പൊളിക്കുന്നത് ആരംഭിച്ചതോടെ പ്രദേശത്ത് 150ൽ അധികം ആളുകൾ തടിച്ചുകൂടിയതായി ഡെപ്യൂട്ടി കമ്മീഷണർ ഒഫ് പൊലീസ് നിധിൻ വത്സൻ പറഞ്ഞു. 'സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് അനധികൃത കെട്ടിടങ്ങൾ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചത്.കോടതി ഉത്തരവ് ജനങ്ങളെ അറിയിച്ചതാണ്. സ്ഥലത്ത് നിന്ന് മാറിപോകാനും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ആളുകൾ പൊലീസുകാർക്കുനേരെ കല്ലെറിയുകയായിരുന്നു. പ്രതിരോധിക്കാൻ ഞങ്ങളും ശ്രമിച്ചു. ജനങ്ങളെ പിടിച്ചുമാറ്റിയതിനുശേഷം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയായിരുന്നു. പൊലീസുകാർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്. അറസ്റ്റിലായവർ ചാന്ദ്നി മഹൽ പ്രദേശത്ത് നിന്നുള്ളവരാണ്.'-നിധിൻ വത്സൻ പറഞ്ഞു.
അതേസമയം,കോടതി നിർദ്ദേശങ്ങൾ പാലിച്ചാണ് കൈയേറ്റ സ്ഥലങ്ങൾ ഒഴിപ്പിച്ചതെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേൽവാൾ പറഞ്ഞു. കല്ലേറ് സംഭവം വളരെ നിർഭാഗ്യകരമാണെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈനും പ്രതികരിച്ചു. അനധികൃത നിർമ്മാണങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |