കോഴിക്കോട്: കൊവിഡ് ലോക്കഴിച്ച് ട്യൂഷൻ സെന്റർ ഉൾപ്പെടെ പരിശീലന സ്ഥാപനങ്ങൾക്ക് ഇളവ് നൽകി സർക്കാർ ഉത്തരവായതോടെ ജില്ലയിലെ പി.എസ്.സി പരിശീലന കേന്ദ്രങ്ങളിൽ മിക്കതും അടുത്ത ആഴ്ചയോടെ തുറക്കും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, കമ്പ്യൂട്ടർ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ എന്നിവയ്‌ക്കാണ് സർക്കാർ പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ഇതോടെ പത്തുമാസമായി വരുമാനം നിലച്ച അദ്ധ്യാപകരും അനദ്ധ്യാപകരും പ്രതീക്ഷയിലാണ്. കൊവിഡ് വ്യാപനത്തോടെ മാർച്ചിൽ ക്ലാസുകൾ നിലച്ചതു മുതൽ ആയിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകർ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഓൺലൈൻ ക്ലാസുകൾ നടത്തിയെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല. കമ്പ്യൂട്ടർ സെന്ററുകളും നൃത്ത പരിശീലന കേന്ദ്രങ്ങളും അടുത്ത ആഴ്ചയോടെ സജീവമാകുമെന്നാണ് പ്രതീക്ഷ. ക്ലാസുകളിലെ കുട്ടികളുടെ എണ്ണം ഹാളിന്റെ ആകെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ 100 പേർ എന്ന തരത്തിൽ പരിമിതപ്പെടുത്തണമെന്നാണ് നിർദ്ദേശം. അതേസമയം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡിസംബർ 17 മുതൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അദ്ധ്യാപകർ സ്കൂളിലെത്തണമെന്ന് സർക്കാർ നിർദ്ദേശം.
" 2021 ജനുവരി മുതൽ നിരവധി പി.എസ്.സി പരീക്ഷകളുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ ഉദ്യോഗാർത്ഥികൾ പരിശീലനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണ് ക്ലാസുകൾ നടത്തുക'.
രൂപേഷ്, പി.എസ്.സി കോച്ചിംഗ് സെന്റർ ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |