പത്തനംതിട്ട: സി.എ.ജി റിപ്പോർട്ട് സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ മറുപടികളെയും വാദങ്ങളെയും രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ആരോപണങ്ങളിൽ കേന്ദ്രസർക്കാരിന്റെയും ഇ.ഡിയുടെയും പേര് വലിച്ചിഴക്കാൻ ശ്രമിക്കുന്ന തോമസ് ഐസക്കിന്റെ നടപടി മുതിർന്നൊരു രാഷ്‌ട്രീയ പ്രവർത്തകനിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം വിമർശിച്ചു.
നിയമസഭയിൽ വയ്‌ക്കും മുൻപ് സി.എ.ജി റിപ്പോർട്ട് പുറത്ത്‌വിട്ടത് എന്തിനെന്ന് ധനമന്ത്രി മറുപടി പറയുന്നില്ല. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പോലും തൃപ്‌തികരമായ മറുപടി നൽകാതെ നിയമസഭയിൽ വരട്ടെ, നോക്കാം എന്ന് തോമസ് ഐസക്ക് മറുപടി നൽകുന്നു.
സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു എന്ന ആരോപണത്തെയും വി.മുരളീധരൻ വിമർശിച്ചു. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുകയോ വീഴ്‌ത്തുകയോ ചെയ്‌തിട്ട് ബിജെപിയ്‌ക്ക് അധികാരത്തിൽ വരാമെന്ന് കരുതുന്നവരാണോ കേന്ദ്രം ഭരിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപെ എറിയുന്ന ഉദ്ദേശത്തോടെയാണ് ഇത്തരം ആരോപണങ്ങൾ.
ഭരണത്തിൽ എന്തെല്ലാം വീഴ്‌ചകൾ വന്നിട്ടുണ്ടെന്നും എന്തെല്ലാം നിയമവിരുദ്ധ കാര്യങ്ങൾ ചെയ്‌തെന്നും അത് ചെയ്‌തവർക്ക് മറ്റുളളവരെക്കാൾ നന്നായി അറിയാം.സ്വർണക്കടത്ത് കേസിലെ പ്രതികളെയും ഇതിന് പിന്നിലുളളവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുരളീധരൻ പറഞ്ഞു.
ഭരണം ഉപയോഗിച്ച് നിയമവിരുദ്ധ കാര്യങ്ങൾ ചെയ്‌തവർക്ക് അന്വേഷണം തങ്ങളുടെ നേരെ വരാമെന്ന ഭയമാണ് ഇത്തരത്തിൽ ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപെ എറിയുന്നതിന് അവരെ പ്രേരിപ്പിച്ചിരിക്കുന്നത്. വി.മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |