ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തുന്നുവെന്ന വാർത്ത എല്ലാവരെയും തെല്ലൊന്ന് അതിശയപ്പെടുത്തുകയുണ്ടായി. രാജ്യത്തിന്റെ ഭരണസംവിധാനത്തിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവരും മുതിർന്ന ബി.ജെ.പി നേതാക്കളുമായ മോദിയും ഷായും കേവലം ഒരു മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാനായി എത്തുന്നതാണ് ഏവരെയും ആശ്ചര്യപ്പെടുത്തിയത്.
എന്നാൽ കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലിരിക്കുന്ന തെലങ്കാനയെ കൈപ്പിടിയിൽ ഒതുക്കാനുള്ള ബി.ജെ.പിയുടെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
മോദി, ഷാ, പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരെ അണിനിരത്തുന്നതിലൂടെ തങ്ങൾ ഇവിടെ തന്നെയുണ്ടാകും എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ബി.ജെ.പി തെലങ്കാനയിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നതെന്നും ഇവർ കരുതുന്നു. ക്രമേണ ഇന്ത്യ ആകമാനം പിടിച്ചടക്കാനുള്ള ബി.ജെ.പിയുടെ ലക്ഷ്യത്തിലേക്കാണ് പാർട്ടിയുടെ ഈ നിലയിലുള്ള നീക്കങ്ങളെല്ലാം വിരൽ ചൂണ്ടുന്നത്.
അതേസമയം തെക്കേ ഇന്ത്യയിലേക്കുള്ള പാർട്ടിയുടെ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുവടുവയ്പ്പാണിതെന്നും ചിലർ കരുതുന്നുണ്ട്. എന്നാൽ ആ സ്വപ്നം സഫലീകരിക്കാൻ മോദിക്കും അമിത് ഷായ്ക്കും ഒപ്പം മറ്റൊരാൾ കൂടിയുണ്ട്. ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രിയും ദേശീയ തലത്തിൽ ഉയർന്നുവരുന്ന പാർട്ടിയുടെ മുഖവുമായ യോഗി ആദിത്യനാഥ്.
തെക്കേ ഇന്ത്യയിൽ തന്റെ സാന്നിദ്ധ്യം അങ്ങനെ അറിയിച്ചിട്ടില്ലാത്ത യോഗി ശനിയാഴ്ച ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് കൗതുകകരമായിരുന്നു. പാർട്ടിയിൽ യോഗിയുടെ സ്ഥാനം വർദ്ധിക്കുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാവുന്നതാണ്.
അടുത്തിടെ നടന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം വിജയിച്ചതിൽ യോഗി വഹിച്ച പങ്ക് ഏറെ വലുതാണെന്നതും ശ്രദ്ധേയമാണ്. ബീഹാറിൽ 75 നിയമസഭാ മണ്ഡലങ്ങളിലുമായി 19 തിരഞ്ഞെടുപ്പ് റാലികളാണ് യോഗി നടത്തിയത്.
ഇതിൽ 50 മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കുകയും ചെയ്തു( 66 ശതമാനം വിജയം). 'സ്ട്രൈക്ക് റേറ്റ്' വർദ്ധിച്ചത് യോഗിയുടെ മിടുക്ക് മൂലമാണ് എന്ന് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നു.
ഹാഥ്രസ്, ഉന്നാവോ തുടങ്ങിയ സംഭവങ്ങൾ കല്ലുകടിയാകുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ, പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ, യോഗിയുടെ ഗ്രാഫ് കുത്തനേ ഉയരുകയാണെന്നും പാർട്ടി കരുതുന്നു. അതുകൊണ്ടുതന്നെ, ഇന്ത്യയാകമാനം ഭരണം പിടിക്കുക എന്ന പാർട്ടിയുടെ ലക്ഷ്യത്തിന് 'പവർ യോഗി'യും നിർണായക പങ്ക് വഹിക്കുമെന്നാണ് നീരീക്ഷകർ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |