ന്യൂഡൽഹി: അതിർത്തിൽ ഹിതകരമല്ലാത്ത ചെറിയൊരു നീക്കത്തിനെങ്കിലും ചൈന മുതിർന്നാൽ അവരെ ശരിക്കും കളി പഠിപ്പിക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. പാംഗോങ് തടാകകത്തിൽ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളെന്ന വിശേഷണമുളള മറൈൻ കമാൻഡോകളെ(മാർക്കോസ്) വിന്യസിച്ചതിലൂടെയാണ് ഇന്ത്യ ഇക്കാര്യം ചൈനയോട് പറയാതെ പറഞ്ഞത്. സംഘർഷമേഖലകളിൽ ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കാമാൻഡോകളും ആർമിയുടെ പാരാസേനയെയും വിന്യസിച്ചതിന് തൊട്ടുപിന്നാലെയാണ് മറൈൻ കമാൻഡോകളെ വിന്യസിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആ നിമിഷംതന്നെ കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചുകൊണ്ടുളള സൈനിക നീക്കം സാദ്ധ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാർ എന്ന വിളിപ്പേരുളള ഇന്ത്യൻ നാവികസേനയിലെ അതിർസമർത്ഥർമാരെ ചേർത്തുണ്ടാക്കിയതാണ് മാർക്കോസ് എന്ന മറൈൻ കമാൻഡോകൾ. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളും ധൈര്യശാലികളുമാണ് ഇവർ. കരയിലോ, കടലിലോ ആകാശത്തോ എവിടെ വേണമെങ്കിലും ഓപ്പറേഷൻ നടത്താൻ ഇവർ സന്നദ്ധരാണ്. പങ്കെടുത്ത ഓപ്പറേഷനുകളിലെല്ലാം ഇവരുടെ പോരാട്ടവീര്യം ശത്രുക്കളെ തകർത്തെറിഞ്ഞിട്ടുണ്ട്. മാർക്കോസ് എന്ന് പേരുകേട്ടാൽ ശത്രുക്കൾ കിടുങ്ങിവിറയ്ക്കും. അതീവരഹസ്യമായ നീക്കങ്ങളിലൂടെ ജാഫ്നയിലെ എൽ ടി ടിയുടെ ഹാർബർ തകർത്ത് തരിപ്പണമാക്കിയും മാലിദ്വീപിലെ പട്ടാള അട്ടിമറി തടയാൻ നടത്തിയ ശ്രമങ്ങൾ തുടങ്ങി മാർക്കോസിന്റെ ധീരത തെളിയിക്കുന്ന എണ്ണിയാലൊടുങ്ങാത്ത സംഭവങ്ങൾക്കാണ് ലോകം സാക്ഷ്യംവഹിച്ചത്.
ജാഫ്നയിലെ ഓപ്പറേഷന് 12 കിലോമീറ്റർ കടലിലൂടെ നീന്തിയാണ് ഈച്ചപോലും അറിയാതെ കാമൻഡോകൾ എത്തിയത്. ജോലി ഭംഗിയായി നിർവഹിച്ചശേഷം തിരികെ അത്രയും കിലോമീറ്റർ നീന്തിയാണ് കാമാൻഡോകൾ തിരികെയെത്തിയത്. മടങ്ങുന്നതിനിടയിൽ തമിഴ് പുലികൾ തലങ്ങും വിലങ്ങും വെടിവച്ചെങ്കിലും ഒരാൾക്കുപോലും പരിക്കേറ്റില്ല. ലോകത്തിലെ ഏറ്റവും മികച്ച പരിശീലനം തന്നെയാണ് പോരാട്ട മികവിന് പ്രധാന കാരണം. ഒപ്പം പിറന്നനാടിനുവേണ്ടി സ്വയം സമർപ്പിക്കാനുളള മനോധൈര്യവും.
പാംഗോങ് തടാകക്കരയിൽ കമാൻഡോകളെ വിന്യസിച്ചതിന് പിന്നിൽ നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് കൂടുതൽ പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. സൈനിക നീക്കങ്ങൾ നടത്താനായി നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകളും അനുവദിച്ചിട്ടണ്ട്. തീവ്രവാദികളെ ചെറുക്കാനായി കാശ്മീരിലെ വുളാർ തടാകക്കരയിലും മറൈൻ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |