കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ റെയ്ഡ്. പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളായ നാസറുദ്ദീൻ ഇളമരം, കരമന അഷറഫ് മൗലവി, ഒ.എം.എ സലാം, ഇ.എം അബ്ദുൾ റഹ്മാൻ, പ്രൊഫ.പി.കോയ എന്നിവരുടെ വീടുകളിലാണ് ഇന്ന് പുലർച്ചെ റെയ്ഡ് നടത്തിയത്. നസറുദ്ദീൻ എളമരം പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറിയും ഒ.എം.എ സലാം ദേശീയ ചെയർമാനുമാണ്. ലാപ് ടോപ്പ്, ബാങ്ക് പാസ് ബുക്കുകൾ, മതപരമായ കാര്യങ്ങൾ പരാമർശിക്കുന്ന പുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവ ഇവരുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്തു.
2018 ൽ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ റെയ്ഡെന്നാണ് വിവരം. എന്നാൽ രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ സംസ്ഥാന നേതാക്കളെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയും ഇവരുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുകയും ചെയ്തിരുന്നതായി നേതാക്കൾ വെളിപ്പെടുത്തുന്നു. രണ്ട് വർഷം പിന്നിട്ടശേഷം ഇപ്പോൾ നടത്തിയ റെയ്ഡ് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുള്ളതെന്നാണ് പോപ്പുല ഫ്രണ്ടിന്റെ നേതാക്കളുടെ ആക്ഷേപം.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലും പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളുടെ വീടുകളിലും ഇന്ന് റെയ്ഡ് നടന്നിട്ടുണ്ട്. റെയ്ഡിനെപ്പറ്റി മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഇ.ഡി ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെങ്കിലും റെയ്ഡിൽ കണ്ടെത്തിയ ലാപ്ടോപ്പുകൾ, ഇസ്ളാം മത പ്രചരണ പുസ്തകങ്ങൾ, സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ എന്നിവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് തിരുവനന്തപുരം പൂന്തുറയിൽ പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥർ പ്രതികരിച്ചത്.
സംസ്ഥാനത്ത് സി.പി.എം നേതാക്കളെയും കുടുംബാംഗങ്ങളുടെയും പ്രതിസന്ധിയിലാക്കിയതിന് പിന്നാലെയാണ് പോപ്പുലർഫ്രണ്ട് നേതാക്കളെയും ഇ.ഡി പിടിമുറുക്കിയത്. കൊച്ചിയിൽ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്. വിദേശത്ത് നിന്നുള്ള കള്ളപ്പണത്തിന്റെ വരവും ഇവ തീവ്രവാദ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കാര്യവും ഇഡി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നാണ് വിവരം. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായ മലയാളികൾക്ക് ഇത്തരം സംഘടനകളുമായുള്ള ബന്ധവും അന്വേഷണത്തിന് കാരണമായിട്ടുണ്ട്. അന്വേഷണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകിട്ടോടെ പുറത്ത് വരുമെന്നാണ് കരുതുന്നത്.കർഷക പ്രക്ഷോഭം ശക്തമാകുകയും.
ദേശീയതലത്തിൽ ദേശീയ ജനാധിപത്യസഖ്യം പ്രതിസന്ധിയിലാകുകയും ചെയ്തപ്പോൾ അതിൽനിന്ന് ശ്രദ്ധതിരിക്കാനും മുസ്ളീം സംഘടനകളെയും നേതാക്കളെയും തീവ്രവാദികളാക്കി ചിത്രീകരിക്കാനുമാണ് റെയ്ഡെന്നാണ് നാസറുദ്ദീൻ ഇളമരം പ്രതികരിച്ചത്. റെയ്ഡ് സമയത്ത് താൻ വീട്ടിലുണ്ടായിരുന്നില്ലെന്നും തന്റെ വീട്ടിൽ കുട്ടികൾ പഠിക്കാൻ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും രണ്ട് പെൻഡ്രൈവുകളും ഇവിടെ നിന്ന് പിടിച്ചെടുത്തതായും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം റെയ്ഡ് അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയും പ്രതിഷേധിച്ചും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പൂന്തുറയിലെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ചു. പൂന്തുറയിലെ വീട്ടിൽ റെയ്ഡ് അവസാനിപ്പിച്ച് ഇ.ഡി സംഘം മടങ്ങിയതായും അവിടെ നിന്ന് ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഇ.ഡി ഉദ്യോഗസ്ഥർ എഴുതി നൽകിയതായും പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറിയിച്ചു. മലപ്പുറത്തും കോഴിക്കോടും ഇപ്പോഴും റെയ്ഡ് തുടർന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |