ചെട്യാലത്തൂർ (വയനാട്): വോട്ടുതരാം, കാടിറങ്ങാൻ സഹായിക്കുമോ?. . ചെട്യാലത്തൂർ വനഗ്രാമത്തിലെ ഗോത്ര ജനതയുടെ ചോദ്യത്തോട് സമ്മതം മൂളാതെ കാടിറങ്ങാനാവില്ല ഒരു സ്ഥാനാർത്ഥിക്കും. അത്രകണ്ടാണ് കാട്ടാനകളും കടുവകളും പുലികളും ഈ വനവാസികളുടെ ജീവിതത്തെ അലോസരപ്പെടുത്തുന്നത്. എണ്ണൂറ് വർഷത്തിനപ്പുറം വനഭൂമിയിൽ വാസമാക്കിയവരുടെ സന്തതി പരമ്പരയിൽപെട്ടവരാണ് ഗ്രാമത്തിലെ ആദിവാസി സമൂഹം. മണ്ണൊരുക്കി കൃഷിയിറക്കി കാടിന്റെ താളത്തിനൊപ്പം ജീവിച്ചുവന്ന കാടിന്റെ മക്കൾക്കുനേരെ വന്യമൃഗങ്ങൾ ആക്രോശിച്ചു തുടങ്ങിയതോടെ ഭീതിയിലാണ് ഇവരുടെ ഓരോ നാളുകളും. വന്യമൃഗ ശല്യം രൂക്ഷമായതോടെ കൃഷിയിറക്കാതെയായി. തട്ടിയും മുട്ടിയുമുള്ള കാട്ടുജീവിതം മടുത്ത ഇവർ നാട്ടുവെളിച്ചം കാണാൻ മോഹിക്കുകയാണിപ്പോൾ. ആദിവാസി വിഭാഗത്തിന് കൂട്ടായി ചെട്ടി സമുദായക്കാരുമുണ്ട് ഗ്രാമത്തിൽ. തമിഴ്നാട്ടിലെ കൊങ്ക് ധാരാപുരത്ത് നിന്ന് വന്നവരാണ് ചെട്ടികൾ.
215 കുടുംബങ്ങളാണ് ചെട്യാലത്തൂർ വനഗ്രാമത്തിലുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 126 കുടുംബങ്ങൾ കാടിറങ്ങി.നാൽപ്പത് കുടുംബങ്ങൾക്ക് കാടിറങ്ങാൻ തുകയും നൽകി. കാടിറങ്ങാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ 25 കുടുംബങ്ങൾ ഒടുവിൽ സമ്മതം മൂളി. എന്നാൽ അവശേഷിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് ഭൂമി കണ്ടെത്താനാവാത്തതാണ് നിലവിലെ പ്രതിസന്ധി. ഗ്രാമത്തിലെ ഒമ്പതോളം വരുന്ന ചെട്ടി സമുദായത്തിൽപെട്ട കുടുംബങ്ങൾ ഏക്കർ കണക്കിന് കൃഷിയിടത്തിന്റെ ഉടമകളാണ്. പുനരധിവാസത്തിന് നൽകുന്ന പത്ത് ലക്ഷം രൂപ ഒന്നുമല്ലെന്ന് അറിഞ്ഞിട്ടും ഹെക്ടർ കണക്കിന് ഭൂമിയിലെ കാർഷിക വിളകൾ ഉപേക്ഷിക്കാൻ ഇവരും തയ്യാറാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ്
വനഗ്രാമത്തിലേക്ക് പുറമെ നിന്ന് ആരെങ്കിലും വരുന്നത്. അപ്പോഴാണ് ഇവരുടെ സങ്കടങ്ങളുടെ കെട്ടഴിയുന്നതും. ഇടതുമുന്നണിക്ക് വേരോട്ടമുളള വനഭൂമിയിലെ ഗോത്രജനതയ്ക്ക് അരിവാളിനോടാണ് പ്രിയം. വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ചെട്യാലത്തൂർ ഗ്രാമം. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുളള പ്രദേശം. കെ.എം.സിന്ധുവാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. ഷീല ബാലൻ യു.ഡി.എഫിനായി രംഗത്തുണ്ട്. എൻ.ഡി.എയുടെ പ്രതിനിധിയായി നന്ദിനി ഗണേശനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |