കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എഴുകോൺ ഡിവിഷനിലെ വീടുകൾ കയറുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി പ്രസന്ന ടീച്ചർ. ഒരു വീടിന് മുന്നിലെത്തിയപ്പോൾ മുറ്റത്ത് രണ്ട് കുട്ടികൾ കളിക്കുന്നു. ഇത് കണ്ടപാടെ സ്ഥാനാർത്ഥി പഴയ ടീച്ചറായി. കയറാൻ ബാക്കി നിൽക്കുന്ന നൂറ് കണക്കിന് വീടുകൾ മറന്ന് കുട്ടികളോട് കുസൃതി പറഞ്ഞുതുടങ്ങി. ഇടയ്ക്ക് ഓൺലൈൻ ക്ലാസിനെക്കുറിച്ച് തിരക്കി. പാഠഭാഗങ്ങളിൽ ചിലത് രണ്ടുപേർക്കും പറഞ്ഞുനൽകുകയും ചെയ്തു. പ്രസന്ന ടീച്ചറുടെ തിരഞ്ഞെടുപ്പ് പര്യടനം ഇങ്ങനെയാണ്.
കുട്ടികളോട് കിന്നാരം പറഞ്ഞും മുതിർന്നവരോട് വിശേഷങ്ങൾ പങ്കുവച്ചുമാണ് പോകുന്നത്. ഇതിനിടയിൽ വോട്ട് ചോദിക്കുന്ന കാര്യമങ്ങ് മറക്കും. ഒടുവിൽ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരത്ത് വീട്ടുകാർ അങ്ങോട്ട് ചോദിക്കും 'ടീച്ചർക്ക് വോട്ട് വേണ്ടേയെന്ന്'. ടീച്ചർ തിരിച്ചുകയറാനൊരുങ്ങുമ്പോൾ വീട്ടുകാർ പറയും. 'ചിഹ്നം ഞങ്ങൾക്കറിയാം, കൈപ്പത്തി, പ്രസന്ന ടീച്ചർക്ക് വോട്ടുറപ്പ് '. എഴുകോൺ ഡിവിഷനിലെ ഒട്ടുമിക്ക വോട്ടർമാർക്കും പ്രസന്ന ടീച്ചറിനെ നേരിട്ട് അറിയാം. എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിന്റെ ട്രഷററാണ് ടീച്ചർ. ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് എഴുകോൺ ഡിവിഷനിലെ ഏഴ് വാർഡുകളിൽ, അഞ്ചിലെ വീടുകളിലും ടീച്ചർ സ്ഥിരമായി പോകാറുള്ളതാണ്. അതിന് പുറമേ എസ്.എൻ.ഡി.പി യോഗത്തിന്റെ സജീവ പ്രവർത്തകയുമാണ്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാർഡൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ തവണ എൽ.ഡി.എഫാണ് വിജയിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പം അടിയുറച്ച് നിന്ന ഏക വാർഡാണ് ടീച്ചർ മത്സരിക്കുന്ന എഴുകോൺ.
ഇതിന് പുറമേ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും അനുകൂലമാണെന്ന് പ്രസന്ന ടീച്ചർ പറയുന്നു. സ്ത്രീകളുടെ വലിയ പിന്തുണയും ടീച്ചർ അവകാശപ്പെടുന്നു. അതിന് ഒരു തെളിവുണ്ട്. ശബരിമലയിൽ ആചാരം ലംഘിക്കാനുള്ള നീക്കങ്ങൾക്കെതിരെ ചീരങ്കാവിൽ ആയിരക്കണക്കിന് സ്ത്രീകൾ പങ്കെടുത്ത് നടന്ന നാമജപഘോഷയാത്ര. അതിന്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു പ്രസന്ന ടീച്ചർ. അഞ്ച് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ ലീഡറായിരുന്നു പ്രസന്ന ടീച്ചർ. പത്താം ക്ലാസിൽ എത്തിയപ്പോൾ സ്കൂൾ ചെയർപേഴ്സണായി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിലെ പഠനകാലത്തും രാഷ്ട്രീയ പ്രവർത്തനമുണ്ടായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. പിന്നീട് യു.പി അദ്ധ്യാപികയായി ജോലി ലഭിച്ചതോടെ രാഷ്ട്രീയം മാറ്റിവച്ചു. 33 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചത്. സബ് ഇൻസ്പെക്ടറായി പൊലീസിൽ നിന്ന് വിരമിച്ച സലിം രാജനാണ് ഭർത്താവ്. കിരൺ, കരുൺ എന്നിവർ മക്കളാണ്.
കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ
കോൺഗ്രസ് സ്ഥാനാർത്ഥി
പരമ്പരാഗത ഇടതുപക്ഷ കുടുംബമാണ് പ്രസന്ന ടീച്ചറുടേത്. അച്ഛൻ ഗോപാലൻ മാർക്കറ്റിംഗ് ഫെഡ്, എഴുകോൺ സർവ്വീസ് സഹകരണബാങ്ക് എന്നിവിടങ്ങളിലെ ബോർഡ് അംഗമായിരുന്നു.
അമ്മ വനജാക്ഷി 16 വർഷക്കാലം എഴുകോൺ പഞ്ചായത്ത് അംഗമായിരുന്നു. സഹോദരൻ കെ.ജി. പ്രതാപൻ സി.പി.ഐയുടെ നേതാവും ജനകീയനുമായികുന്നു. എൽ.ഡി.എഫിന്റെ മ്യൂല്യച്ഛ്യുതിയാണ് തന്നെ വഴിമാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രസന്ന ടീച്ചർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |