ന്യൂഡൽഹി: സെൻട്രൽ വിസ്‌താ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. അന്നു നടക്കുന്ന ഭൂമിപൂജാ ചടങ്ങിലും അദ്ദേഹം പങ്കെടുക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓംബിർള അറിയിച്ചു. നിലവിലെ പാർലമെന്റ് മന്ദിരത്തിന് സമീപത്തായി തൃകോണാകൃതിയിൽ ലോക്‌സഭാ, രാജ്യസഭാ ചേംബറുകളും പ്രധാനമന്ത്രിയുടെ ഓഫീസും മറ്റും അടങ്ങിയ മന്ദിരം ഈ മാസം നിർമ്മാണമാരംഭിച്ച് 2022ൽ 75-ാം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അടുത്തമാസം പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പൊടിയും ശബ്ദവും തടസമാകാതിരിക്കാൻ നടപടിയെടുക്കുമെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ജനറൽ ഉത്പൽ കുമാർ സിംഗ് പറഞ്ഞു. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയും മറ്റും മറ്റൊരിടത്തേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നു. ചില മരങ്ങൾ വേരോടെ പിഴുത് മാറ്റിയിട്ടുണ്ട്. ഗുജറാത്തിലെ എച്ച്.സി.പി ഡിസൈൻ, പ്ളാനിംഗ് ആന്റ് മാനേജ്മെന്റ് ലിമിറ്റഡ് തയ്യാറാക്കിയ രൂപകൽപന പ്രകാരം തൃകോണാകൃതിയിൽ ഭൂമിക്കടിയിൽ രണ്ടും മുകളിൽ രണ്ടും അടക്കം നാല് നിലകളിലായാണ്പുതിയ മന്ദിരം നിർമ്മിക്കുക.
പ്രധാന കെട്ടിടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ്, പാർലമെന്ററികാര്യ വകുപ്പ്, ലോക്‌സഭാ സെക്രട്ടേറിയറ്റ്, രാജ്യസഭാ സെക്രട്ടേറിയറ്റ്, മുതിർന്ന എം.പിമാരുടെ മുറികൾ, കമ്മിറ്റി റൂമുകൾ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കാബിനുകൾ തുടങ്ങി 120ഒാളം ഓഫീസുകളുണ്ടാകും. മറ്റ് ഓഫീസുകൾ പഴയ മന്ദിരത്തിൽ തുടരും. സംയുക്ത സഭാ സമ്മേളത്തിന് പറ്റിയ വിധം 1272 പേർക്ക് ഇരിക്കാവുന്ന വിധത്തിൽ 3015 ചതുരശ്ര മീറ്ററിലാണ് (നിലവിൽ 1145 ച.മീറ്റർ മാത്രം) ലോക്‌സഭാ ചേംബർ നിർമ്മിക്കുന്നത്. 3220 ച. മീറ്റർ വലുപ്പത്തിൽ നിർമ്മിക്കുന്ന രാജ്യ സഭാ ചേംബറിനുള്ളിൽ 384ൽ കൂടുതൽ എം.പിമാർക്ക് ഇരിക്കാനാകും. രണ്ട് എം.പിമാർക്ക് വീതം ഇരിക്കാൻ പറ്റുന്ന സീറ്റുകളും ഡെസ്‌കുമാണ് ചേംബറുകൾക്കുള്ളിൽ. സംയുക്ത സമ്മേളനം നടക്കുമ്പോൾ മൂന്നുപേർ വീതം ഇരിക്കാനാകും. ബയോമെട്രിക് വോട്ടിംഗ്, ഡിജിറ്റൽ ഭാഷാ പരിഭാഷാ സംവിധാനം, ഇലക്ട്രോണിക് പാനൽ തുടങ്ങി അത്യാധുനിക സൗകര്യങ്ങളും ഇരിപ്പിടങ്ങളിൽ ലഭ്യമാകും. ടാറ്റാ പ്രൊജക്ടിനാണ് നിർമ്മാണ കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |