തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റാണ്. യാഥാർത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റ്. കടമെടുത്ത് കേരളത്തെ മുടിക്കുന്ന നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തകർച്ചയിലുളള കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുളള ഒരു ക്രിയാത്മക നിർദ്ദേശവും ബഡ്‌ജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പല തീരുമാനങ്ങളും നടപ്പായില്ല. 5000 കോടിയുടെ ഇടുക്കി പാക്കേജും 3400 കോടിയുടെ കുട്ടനാട് പാക്കേജും 2000 കോടിയുടെ വയനാട് പാക്കേജും പിന്നെ കണ്ടതേയില്ല. പ്രഖ്യാപിക്കുന്നതല്ലാതെ ഒരു രൂപ പോലും പദ്ധതിയ്‌ക്ക് അനുവദിക്കുന്നില്ല. മത്സ്യ തൊഴിലാളികൾക്ക് മുൻപ് പ്രഖ്യാപിച്ച പദ്ധതിയുടെ വകയായി ഒരു രൂപ പോലും അവർക്ക് ലഭിച്ചില്ല. ഇപ്പോൾ 1700 കോടിയുടെ മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് അവരെ കബളിപ്പിക്കുകയാണ്. എല്ലാ വീട്ടിലും ലാപ്‌ടോപ് എന്നത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ടാണ്. ചെന്നിത്തല ആരോപിച്ചു.
കൊവിഡ് കാലത്ത് ജനങ്ങളിലേക്ക് കൂടുതൽ പണമെത്താൻ ഒരു നടപടിയും സർക്കാർ ചെയ്‌തില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാർ റബ്ബറിന്റെ താങ്ങുവില 150 ആയി പ്രഖ്യാപിച്ചു. അഞ്ചുവർഷം കഴിഞ്ഞ് ഈ സർക്കാർ 20 രൂപ വർദ്ധിപ്പിച്ചു. ഇത് 250 രൂപയാക്കേണ്ടതായിരുന്നു. 20 രൂപ മാത്രം വർദ്ധിപ്പിച്ചത് അവരോടുളള അവഹേളനമാണെന്നും ചെന്നിത്തല പറഞ്ഞു.
ഈസി ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിൽ ഇരുപത്തിയൊന്നാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഇരുപത്തെട്ടാമതാണ്. മൂന്ന് വ്യവസായ ഇടനാഴികൾക്ക് പ്രഖ്യാപിച്ച ഫണ്ട് എവിടെ നിന്നാണ് സംസ്ഥാനം കണ്ടെത്തുകയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |