തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട വാക്‌സിൻ വിതരണത്തിന് തുടക്കമായി. ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ നൽകുന്നത്. പൊലീസുകാർ, അങ്കൺവാടി വർക്കർമാർ,സന്നദ്ധപ്രവർത്തകർ ഉൾപ്പടെയുളള മുൻഗണന വിഭാഗത്തിന് വേണ്ടിയാണ്. തൊട്ടുപിന്നാലെ 60 വയസിന് മുകളിലുളളവർക്കും അമ്പത് വയസിന് മുകളിലുളളവർക്കും മറ്റ് അസുഖങ്ങളുളളവർക്കും വാക്‌സിൻ നൽകും.
വീഡിയോ കോൺഫറൻസ് വഴി രാജ്യത്തൊട്ടാകെയുളള 3,006 വാക്‌സിനേഷൻ കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാനത്തും വാക്‌സിൻ വിതരണം ആരംഭിച്ചത്.
എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളിലാണ് വാക്‌സിൻ വിതരണം നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതമാണുളളത്. ബാക്കി ജില്ലകളിൽ ഒമ്പത് കേന്ദ്രങ്ങളിലായാണ് വാക്‌സിൻ വിതരണം. ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജൻസികളായ ഡബ്ല്യു എച്ച് ഒ, യൂണിസെഫ്, യു എൻ ഡി പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്‌സിനേഷൻ യാഥാർത്ഥ്യമാകുന്നത്.
ഇന്ന് എല്ലാ കേന്ദ്രത്തിലും നൂറ് പേർക്കാണ് വാക്‌സിൻ നൽകുന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് വാക്‌സിൻ നൽകുക. രജിസ്റ്റർ ചെയ്‌ത ആളിന് എവിടെയാണ് വാക്‌സിൻ എടുക്കാൻ പോകേണ്ടതെന്ന എസ് എം എസ് ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച് അവർ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തേണ്ടത്. വാക്‌സിൻ നൽകാൻ ഒരാൾക്ക് നാല് മുതൽ അഞ്ച് മിനിറ്റ് വരെ സമയമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |