കറാച്ചി: സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാകിസ്ഥാനിൽ പടുകൂറ്റൻ റാലി. പാകിസ്ഥാനിലെ സാൻ പട്ടണത്തിലാണ് കൂറ്റൻ റാലി നടന്നത്. പാകിസ്ഥാന്റെ ദുഷ്ട ഇസ്ളാമിക കൈകളിൽ നിന്നുളള മോചനത്തിന് മോദിയുടെ നേതൃത്വത്തിൽ മറ്റ് രാഷ്ട്ര നേതാക്കൾ ഇടപെടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ആധുനിക സിന്ധി ദേശീയതയുടെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ എം സയ്യിദിന്റെ 117ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്വാതന്ത്ര്യ അനുകൂല റാലിയിൽ പങ്കെടുത്തവരായിരുന്നു മോദിയുടെ ചിത്രം പതിച്ച പ്ളക്കാർഡുകൾ ഏന്തിയത്. പ്രകടനക്കാരിൽ ഭൂരിപക്ഷവും പിടിച്ചിരുന്നത് മോദി ചിത്രം പതിച്ച പ്ളക്കാഡുകളായിരുന്നു. ഇതിനൊപ്പം അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജോ ബയ്ഡൻ, ന്യൂസിലാൻഡ് പ്രധാനമന്ത്രി തുടങ്ങിയ ലോക നേതാക്കളുടെ ചിത്രങ്ങളും ഇവർ ഏന്തിയിരുന്നു. സിന്ധിനെ പാകിസ്ഥാന്റെ കൈയിൽ നിന്ന് മോചിപ്പിക്കാൻ മോദിയുടെ നേതൃത്വത്തിൽ മറ്റുലോകനേതാക്കളുടെ ഇടപെടൽ വേണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. മോദിയെ ഏറെ പ്രതീക്ഷയോടെയാണ് സിന്ധുകാർ നോക്കിക്കാണുന്നത്.
'സിന്ധൂ നാഗരികതയുടെയും വൈദിക മതത്തിന്റെയും ആസ്ഥാനമാണ് സിന്ധ്. ഇത്രയധികം പ്രാധാന്യമുളള ഈ പുണ്യഭൂമിയെ പാകിസ്ഥാന്റെ കൈകളിൽ എത്തിച്ചത് ബ്രിട്ടീഷുകാരാണ്. വർഷങ്ങളായി ഇതിന്റെ ദുരന്തഫലം ഞങ്ങൾ അനുഭവിക്കുകയാണ്. ഇതിൽ നിന്ന് എത്രയും പെട്ടെന്ന് മോചനംവേണം' -പ്രതിഷേധക്കാരിൽ ഒരാൾ ആവശ്യപ്പെടുന്നു. കിഴക്കും പടിഞ്ഞാറും നിന്നുളള മതങ്ങളുടെയും തത്വചിന്തകളുടെയും നാഗരികതയുടെയും ചരിത്രപരമായ സമന്വയമാണ് സിന്ധിന് ലോകചരിത്രത്തിൽ പ്രത്യേക സ്ഥാനം നൽകിയതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തിൽ ഏറെ പ്രാധാന്യമുളള ഒരു പുണ്യഭൂമിയെ ഇസ്ളാം-ഫാസിസ്റ്റ് തീവ്രവാദികൾ ഇല്ലാതാക്കുകയാണെന്നും ഇതിനെ എതിർക്കുന്നവർക്കുനേരെ ബലപ്രയോഗം നടത്തുകയാണെന്നും അവർ ആരോപിക്കുന്നു.
സ്വതന്ത്ര സിന്ധ് രാഷ്ട്രത്തിനായി വാദിക്കുന്ന നിരവധി ദേശീയപാർട്ടികൾ സിന്ധിലുണ്ട്. തങ്ങളുടെ വിഭവങ്ങൾ പാകിസ്ഥാൻ ചൂഷണം ചെയ്യുകയാണെന്നും പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്നുമുളള ആവശ്യം ഇവർ അന്താരാഷ്ട്രവേദികളിൽ ഇവർ ഉയർത്തിയിട്ടുണ്ട്. ഒപ്പം മേഖലയിലെ മനുഷ്യാവകാശ ലംഘനകളും ഇവർ ലോകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. പാകിസ്ഥാനെ അധിനിവേശക്കാർ എന്നാണ് ഇവർ വിശേേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |