തൃശ്ശൂർ: ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണനെതിരെ വനംവകുപ്പിൽ പരാതി. ആനക്കൊമ്പിൽ പിടിച്ച് ഫോട്ടായ‌്ക്ക് പോസ് ചെയതതിനാണ് നാട്ടാന സംരക്ഷണനിയമപ്രകാരം ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കണമെന്ന് പരാതി. പീപ്പിൾഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചത്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിന്റെ നാലാം ദിവസം നടന്ന എഴുന്നള്ളിപ്പിനിടെ ആനകളെ കാണാനെത്തിയ ഗോപാലകൃഷ്‌ണൻ, കൊമ്പുകളിൽ പൂമാല ചാർത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയായിരുന്നു.
തൃശ്ശൂർ ബാറിലെ അഭിഭാഷകനും പ്രമുഖ പാർട്ടിയുടെ നേതാവുമായ ബി.ഗോപാലകൃഷ്ണന്റെ ഈ പ്രവൃത്തി കൂടുതൽ ആളുകളെ ഇതേ രീതിയിൽ പെരുമാറാൻ പ്രേരിപ്പിക്കുന്നതാണെന്നും, നാട്ടാന പരിപാലന ചട്ടവും മറ്റു മൃഗസംരക്ഷണനിയമങ്ങൾ പ്രകാരവും ബി.ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തൃശ്ശൂർ അസി.ഫോറസ്റ്റ് കൺസർവേറ്റീവ് ഓഫീസർക്കാണ് പീപ്പിൾപോർ ജസ്റ്റിസ് സംഘടന പരാതി നൽകിയിരിക്കുന്നത്.