തിരുവനന്തപുരം: കന്യാസ്ത്രീക്ക് എതിരെ മോശം പരാമർശം നടത്തിയ പരാതിയിൽ പി സി ജോർജ് എം എൽ എയെ ശാസിക്കാൻ ശുപാർശ. പി സി ജോർജിന് എതിരായ നടപടിക്ക് നിയമസഭ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിയാണ് ശുപാർശ നൽകിയത്. സഭയിൽ പി സി ജോർജിന് എതിരായ പരാതിവച്ചത് ഏഴാം നമ്പർ റിപ്പോർട്ട് ആയിട്ടായിരുന്നു.
വനിത കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ അടക്കമുളളവർ ആയിരുന്നു പി സി ജോർജിന് എതിരെ പരാതി നൽകിയത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തിൽ എം എൽ എ പരാമർശം നടത്തിയെന്ന് ആയിരുന്നു പരാതി. പരാതി പരിശോധിച്ച എത്തിക്‌സ് കമ്മിറ്റി എം എൽ എ കന്യാസ്ത്രീക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അതിരുകടന്നതാണെന്ന് വിലയിരുത്തി. അതിനു ശേഷമാണ് എം എൽ എയെ ശാസിക്കാൻ ശുപാർശ ചെയ്‌തുളള റിപ്പോർട്ട് സമർപ്പിച്ചത്.
ജലന്ധർ ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി നൽകിയ കന്യാസ്ത്രീക്ക് എതിരെ പി സി ജോർജ് നടത്തിയ പരാമർശമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഇതിനു പിന്നാലെ കന്യാസ്ത്രീക്ക് എതിരെ നടത്തിയ മോശം പരാമർശം പിൻവലിക്കുന്നതായി പി സി ജോർജ് എം എൽ എ പറഞ്ഞിരുന്നു.
ആ വാക്കുകൾ ഏതു സ്ത്രീയെക്കുറിച്ചും ഉപയോഗിക്കാൻ പാടില്ലായിരുന്നെന്നും പറഞ്ഞുപോയതിൽ ദു:ഖമുണ്ടെന്നും ആയിരുന്നു പി സി ജോർജ് പറഞ്ഞത്. എന്നാൽ, പി സി ജോർജിന്റെ വാക്കുകൾ അങ്ങേയറ്റം അപമാനകരം ആയിരുന്നെന്നും തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |