തിരുവനന്തപുരം: താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി. ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷത്തോളമായി താൽകാലിക തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് നിയമന അംഗീകാരം നൽകുന്നത്. പത്ത് വർഷം എന്ന് പറയുമ്പോൾ തന്നെ ഇക്കാര്യത്തിൽ രാഷ്ട്രീയ പരിഗണന ഇല്ലെന്നത് വ്യക്തമാണ്. ഇരുപത് വർഷമായി താൽകാലിക ജോലി ചെയ്യുന്നവർ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സി. വഴിയുള്ള നിയമനങ്ങൾ സുതാര്യമായി നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച്സാധാരണ വരുന്നഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് പി.എസ്.സി. ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതു വഴി ലിസ്റ്റിലുള്ള എൺപത് ശതമാനം പേർക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകും. പി.എസ്.സിക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയിൽ അവസാനിക്കുന്ന പി..എസ്.സി. ലിസ്റ്റുകളുടെയെല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിൽ വരുന്ന ഒഴിവുകളിൽ കൂടി അവസരം ലഭിക്കും. 47000 തസ്തികകൾ സർക്കാർ സൃഷ്ടിച്ചു. ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മാത്രം 157911 പേർക്ക് നിയമനം നൽകി. 4012 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത് 3113 മാത്രം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ വസ്തുതകളെല്ലാം മറച്ചുവച്ച് ഉദ്യോഗാർത്ഥികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ആണ് സംസ്ഥാനത്ത് ഇപ്പോൾ ശ്രമം നടക്കുന്നത്. ജോലിക്കാര്യം പറഞ്ഞ് വ്യാമോഹിപ്പിച്ചു നിരപരാധികളായ യുവാക്കളെ തെരുവിൽ ഇറക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. അപകടകരമായ ചില കളികളും കണ്ടു. ഒരു ലിസ്റ്റിലും പെടാത്ത ആളുകളും വൈകാരിക പ്രകടനം നടത്തി. രാഷ്ട്രീയ താല്പര്യം നേടാൻ ജീവന് അപകടം വരുത്തുന്നത് മനുഷന് ചേർന്ന പ്രവർത്തിയല്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |