ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ ഡൽഹി ഷഹീൻബാഗ് മേഖലയിലെ ഓഫീസിൽ റെയ്ഡ് നടത്തി ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്). പരിശോധനയിൽ ലഘുലേഖകൾ, സി.ഡികൾ, ഡി.വി.ഡികൾ, പെൻ ഡ്രൈവുകൾ, പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ മഥുരയിൽ നിന്ന് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) അംഗങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തലസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ട് ഒഫ് ഇന്ത്യയുടെയും കേന്ദ്രങ്ങളിൽ ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് റെയ്ഡ് നടത്തിയത്. ഹൈന്ദവ സംഘടനകളിൽ പ്രധാനപ്പെട്ട പദവികൾ വഹിക്കുന്നവരെ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ പി.എഫ്.ഐയുമായി ബന്ധമുള്ള രണ്ടുപേരെ അറസ്റ്റ് ചെയ്തതിനു ശേഷമായിരുന്നു ഇത്.
ഇവരിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ, ഡിറ്റണേറ്ററുകൾ, ആയുധങ്ങൾ, കുറ്റകരമായ രേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു. ഹിന്ദു സംഘടനകളിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരെ ലക്ഷ്യമിട്ട് ഇവർ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഉത്തർപ്രദേശ് എ.ഡി.ജി. പ്രശാന്ത് കുമാർ പറഞ്ഞു.
പിടിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അൻസാദ് ബദ്രുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർ തങ്ങളുടെ ശൃംഖല വിപുലീകരിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു. 'ഫെബ്രുവരി 11ന് അവർ ട്രെയിനിൽ വരുമെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ, തിരച്ചിൽ നടത്തിയപ്പോൾ അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, ഇന്ന് കുക്രെയിൽ പിക്നിക് സ്‌പോട്ടിൽ അവർ കണ്ടുമുട്ടുമെന്ന് മറ്റൊരു വിവരം ലഭിച്ചു. അവിടെ വച്ച് അവരെ പിടികൂടുകയായിരുന്നു' വെന്നും പ്രശാന്ത് കുമാർ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹിന്ദു സംഘടനകളുടെ പരിപാടികളിൽ വസന്ത് പഞ്ചമി ദിനത്തിൽ ബോംബ് സ്‌ഫോടനം നടത്തി ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ ആളുകളെ കൊല്ലുക എന്നിവയായിരുന്നു അവരുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |