തിരുവനന്തപുരം: ആഴക്കടൽ മീൻപിടിത്തത്തിന് അമേരിക്കൻ കമ്പനിയായ ഇ.എം.സി.സിക്ക് അനുമതി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ, വിവാദ കമ്പനിയുമായി സംസ്ഥാന ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ (കെ.എസ്.ഐ.എൻ.സി) ഒപ്പുവച്ച ധാരണാപത്രം റദ്ദാക്കി തലയൂരാൻ സർക്കാർ നീക്കം. ഇടതു നയത്തിനു വിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ധാരണാപത്രം വഴി മുഖ്യമന്ത്രിയെ ഉൾപ്പെടെ കുരുക്കിലാക്കിയ കോർപറേഷൻ എം.ഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ആരോപണത്തിന്റെ മുന മുഖ്യമന്ത്രിക്കു നേരെ തിരിഞ്ഞതിനെത്തുടർന്ന്, ധാരണാപത്രം അടിയന്തരമായി റദ്ദാക്കാൻ കെ.എസ്.ഐ.എൻ.സിയോട് ഇന്നലെ വൈകിട്ട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഞായറാഴ്ച ആയിരുന്നിട്ടും വൈകിട്ട് ഓഫീസിലെത്തിയ കോർപറേഷൻ എം.ഡി എൻ. പ്രശാന്ത് രണ്ടര മണിക്കൂറോളം അവിടെയുണ്ടായിരുന്നു. ധാരാണാപത്രം റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് പ്രശാന്ത് ഓഫീസിലെത്തിയതെന്നാണ് സൂചന.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നാലെ, ആഴക്കടൽ മീൻപിടിത്ത പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി സി.ഇ.ഒയും താനും ക്ലിഫ് ഹൗസിൽവച്ച് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം.വർഗീസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ധാരണാപത്രം റദ്ദാക്കി മുഖംരക്ഷിക്കാൻ സർക്കാരിന്റെ ധൃതിപിടിച്ച നീക്കം. 2019 ആഗസ്റ്റിലായിരുന്നു ഈ കൂടിക്കാഴ്ചയെന്നാണ് പ്രതിപക്ഷനേതാവ് പുറത്തുവിട്ട രേഖയിൽ പറയുന്നത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ തീരമേഖലയെ ലക്ഷ്യമിട്ട് പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന വിവാദമാണ് ഇതെന്നാണ് സർക്കാരിന്റെ വാദം. വ്യവസായ മന്ത്രിക്ക് രണ്ടു പേർ നൽകിയ നിവേദനം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കൈയിലെത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചതും, ഗൂഢാലോചനാ വാദത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു, ഇപ്പോൾ കെ.എസ്.ഐ.എൻ.സി എം.ഡിയായ എൻ. പ്രശാന്ത്. കോർപറേഷനും പ്രതിപക്ഷവുമായി ചേർന്നുള്ള ഗൂഢാലോചനയാണ് വിവാദത്തിനു പിന്നിലെന്ന് സർക്കാർ ആലോപിക്കുന്നതിന് കാരണവും ഇതുതന്നെ.
ആരോപണത്തിൽ യുക്തിയില്ലെന്ന് സർക്കാർ
ഭരണഘടനയനുസരിച്ച് സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരാത്ത വിഷയത്തിൽ, സർക്കാർ ഇടപെട്ടുവെന്ന ആരോപണത്തിന് യുക്തിയില്ലെന്നാണ് വാദം. ആഴക്കടൽ മീൻപിടിത്ത യാനങ്ങൾ കടലിലിറക്കാനോ അതിന് അനുമതി നൽകാനോ ലൈസൻസ് നൽകാനോ സംസ്ഥാനത്തിന് അധികാരമില്ല. തീരക്കടലിൽ 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) പരിധിയിൽ മീൻപിടിത്തത്തിനേ സംസ്ഥാനത്തിന് പൂർണ അധികാരമുള്ളൂ. അതിനപ്പുറത്തേക്ക് അനുവാദം നൽകേണ്ടത് കേന്ദ്രസർക്കാരാണ്.
720 വിദേശ യാനങ്ങൾക്ക് ഇന്ത്യൻ സമുദ്രത്തിൽ അനുമതിപത്രം നൽകാൻ നിർദ്ദേശിച്ച മീനാകുമാരി കമ്മിറ്റി റിപ്പോർട്ടിനെ ഏറ്റവും ശക്തമായി എതിർത്തതിന്റെ മുൻപന്തിയിൽ കേരള സർക്കാരായിരുന്നു. പുതിയ പദ്ധതിക്കായി 2018ൽ സംസ്ഥാന മത്സ്യബന്ധന നയത്തിൽ സർക്കാർ മാറ്റം വരുത്തിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണവും ശരിയല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |