തിരുവനന്തപുരം : കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എം.പി. തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, നിങ്ങൾ ഇടതുപക്ഷത്തിൽ പെട്ട ഒരാളാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ജോലി ലഭിക്കും. നിങ്ങളവരുടെ കൊടിപിടിക്കുകയാണെങ്കിൽ ഏതളവ് വരെ സ്വർണകള്ളക്കടത്തിനും അനുവദിക്കും. നിങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നും ആ ജോലി ചെയ്യാൻ സാധിക്കും. ഏറ്റവും കൂടുതൽ ഊർജ്ജസ്വലരായ യുവാക്കളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ എന്തുകൊണ്ടാണ് ഇവിടുത്തെ അഭ്യസ്ഥവിദ്യർക്ക്ജോലികിട്ടാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സി.പി.എമ്മിന്റെ കൊടിപിടിക്കാത്ത ചെറുപ്പക്കാരാണെങ്കിൽ ജോലിക്ക് വേണ്ടി നിങ്ങൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തണം. നിരാഹാര സത്യാഗ്രഹം കിടക്കുന്നവർ മരിക്കാൻ ആയാൽ പോലും ഇവിടുത്തെ മുഖ്യമന്ത്രിക്ക് ഒരു പ്രശ്നവുമില്ലെന്നും രാഹുൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ നടപടിയും രാജ്യത്തെ നശിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദി സർക്കാർ തൊഴിൽ ദാതാക്കളുടെ നട്ടെല്ലുതകർത്തു. കാർഷിക നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ വഞ്ചിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നു. യുവജനങ്ങൾ തൊഴിലിന് വേണ്ടി സമരം ചെയ്യേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കേരള മുഖ്യമന്ത്രിയുടെ ഓഫീസുള്ള ഒരാൾക്കെതിരെയുള്ള കേസുകൾ എന്തുകൊണ്ടാണ് ഇഴഞ്ഞ് ഇഴഞ്ഞ് പോകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ ഇടതുപക്ഷ സർക്കാരിനെ ആക്രമിക്കാത്തത്. ഇക്കാര്യത്തിൽ വലിയ ആശയകുഴപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു ബിജെപിയെ എതിരിട്ടാൽ 24 മണിക്കൂറും നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ഇവിടുത്തെ കേസുകളിൽ കേന്ദ്ര ഏജൻസികൾ പതുക്കെ പതുക്കെ പോകുന്നതിന് കാരണം ഒന്നേയുള്ളൂ. അതിന്റെ കാരണം നിങ്ങൾക്കറിയാമെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |