തിരുവനന്തപുരം: അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന് മുൻപ് പറഞ്ഞവർ ഇപ്പോൾ അറബിക്കടലിൽ അമേരിക്കൻ കപ്പൽ നിറയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശംഖുംമുഖത്ത് നടന്ന എെശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിപ്പാവങ്ങളായ കടലിന്റെ മക്കൾ ഒരിക്കലും ഈ സർക്കാരിനും പിണറായിക്കും മാപ്പ് നൽകില്ല. അവർ പകരം ചോദിക്കും. കേരളത്തിൻെറ ചരിത്രത്തിൽ ഇത്രയും അരാജകത്വവും അഴിമതിയും നടത്തി ജനങ്ങളെ വഞ്ചിച്ച മറ്റൊരു സർക്കാരുണ്ടായിട്ടില്ല. രണ്ട് മാസം കഴിയുമ്പോൾ യു.ഡി.എഫ് അധികാരത്തിൽ വരും. അതോടെ അഴിമതിക്കാരുടെ കയ്യിൽ വിലങ്ങ് വീഴുമെന്നും ചെന്നിത്തല പറഞ്ഞു.
കേരള മനസുകൾ ഒന്നായി യു.ഡി.എഫിൽ അണിചേർന്നിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങി വിജയം നമ്മുടേതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ശരിപ്പെടുത്തിയ പിണറായി സർക്കാരിനെ ജനങ്ങൾ ശരിപ്പെടുത്തുമെന്ന് എ.എെ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കടൽ വിറ്റ സർക്കാരിനെ കടലിലെറിയുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്ഥാനാർത്ഥി സാറാമ്മ എന്ന പഴയ സിനിമയിൽ അടൂർഭാസി പാടിയ തോട്ടുംകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കുമെന്നതു പോലെ ഈ സർക്കാർ ആളുകളെ പറ്റിച്ചുകൊണ്ടിരിക്കുകയാണെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
നാലര വർഷം ഭരിച്ച് മുടിച്ച സർക്കാരിൻെറ ദൃശ്യമാണ് ജനങ്ങളുടെ മനസിലെന്ന് എ.എ. അസീസ് പറഞ്ഞു.
അഴിമതിമൂലം കേരളത്തിലെ ജനങ്ങൾ നിരാശയിലാണെന്ന് എ.എെ.സി.സി സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. പിണറായി സർക്കാരിൻെറ അന്ത്യം കുറിക്കുന്ന യാത്രയാണിതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ, അനൂപ് ജേക്കബ്, സി.പി.ജോൺ, എൻ.കെ.പ്രേമചന്ദ്രൻ, ദേവരാജൻ, ജോൺജോൺ, ശശി തരൂർ എം.പി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |