കൊല്ലം: തോളിലൊരു ബാഗും തൂക്കി കൈയിൽ ക്യാമറയും പിടിച്ച് തിരുവനന്തപുരത്തെയും ഡൽഹിയിലേയും തെരുവകളിൽ നേതാക്കൾക്ക് പിന്നാലെ പായുന്ന ഒരു യുവാവ്. കൊല്ലം കരിക്കോട് സ്വദേശി മുഹമ്മദ് റാഫിയെന്ന റാഫി കൊല്ലത്തെ അറിയാത്ത കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കുറവാണ്. കോൺഗ്രസ് പാർട്ടിയോടുളള അടങ്ങാത്ത ആവേശമാണ് റാഫിയെ ഫോട്ടോഗ്രാഫിയിലേക്ക് വഴിതിരിച്ചുവിട്ടത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് റാഫി നേരെ പോയത് കേരള മീഡിയ അക്കാദമിയിൽ ഫോട്ടോ ജേണലിസം കോഴ്‌സ് പഠിക്കാനാണ്. ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റായി ഉലകം ചുറ്റുന്ന റാഫിയുടെ ഒരു ചിത്രം ഇപ്പോൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ബോട്ടിൽ നിന്ന് ചാടിയിറങ്ങുന്ന സാക്ഷാൽ രാഹുൽഗാന്ധിയുടെ ചിത്രം...
ഇന്നലെ രാജ്യത്തെ ഭൂരിപക്ഷം ദിനപത്രങ്ങളിലും വെബ്സൈറ്റുകളിലും ഇടംപിടിച്ച രാഹുലിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിലും വൈറലാണ്. പ്രിയങ്ക ഗാന്ധി മുതൽ സംസ്ഥാന നേതാക്കൾ വരെയുളളവർ ഫോട്ടോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. രാജ്യമൊട്ടാകെ തന്റെ ഫോട്ടോ ശ്രദ്ധിക്കപ്പെട്ടപ്പോൾ റാഫിക്ക് അതിരുകളില്ലാത്ത സന്തോഷമാണ്. റാഫി കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു...
ആ പടം കിട്ടിയത്
വെളുപ്പിന് രണ്ടരയ്‌ക്കാണ് കൊല്ലത്തെ എന്റെയൊരു സുഹൃത്തായ ഫോട്ടോഗ്രാഫറുടെ ഫോൺകോൾ വരുന്നത്. രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോകുന്നുണ്ടെന്നും മറ്റാരും ഇതറിഞ്ഞിട്ടില്ലെന്നും നീ വരുന്നെങ്കിൽ വരാനും പറഞ്ഞു. അന്ന് ഒരു മണിയ്‌ക്കാണ് ഞാൻ ഉറങ്ങാൻ കിടന്നത്. ഞങ്ങൾ നാലരയ്‌ക്ക് അവിടെയെത്തിയെങ്കിലും രാഹുൽജി അപ്പോഴേക്കും കടലിൽ പോയിരുന്നു. വലിയ നിരാശയായിരുന്നു എനിക്ക്. ഇത്രയും വലിയ നേതാവ് കടലിൽ പോകുമ്പോൾ ചെറിയ പടമല്ല കിട്ടാൻ പോകുന്നതെന്ന് അറിയാമായിരുന്നു. രണ്ടേ കാൽ മണിക്കൂർ കഴിഞ്ഞ് ഏകദേശം ആറേമുക്കാൽ ആയപ്പോഴേക്കും രാഹുൽജി വരുന്നുവെന്ന വയർലെസ് സന്ദേശം വന്നു തുടങ്ങി. പിന്നെ ഏത് പടം കിട്ടുമെന്ന ആകാംക്ഷയായി. എന്റെ കൈയിൽ അത്ര നല്ല ക്യാമറയൊന്നുമല്ല ഉണ്ടായിരുന്നത്. നല്ലൊരു പടം കിട്ടുമെന്ന പ്രതീക്ഷയിൽ നിന്നു. ദൂരെ നിന്ന് രാഹുൽജി വരുന്നത് ക്യാമറ ലെൻസിൽ കൂടി കണ്ടപ്പോൾ തന്നെ പുളളി വലിയ എനർജെറ്റിക്കായാണ് ഫീൽ ചെയ്‌തത്.കടലിൽ പോയി അദ്ദേഹം ചാടിയെന്നൊന്നും നമ്മൾ അറിയുന്നില്ല. പെട്ടെന്നാണ് വളളം കരയിലേക്ക് അടുത്തത്. ഉടനെ അദ്ദേഹത്തെ സഹായിക്കാനായി ഒരാൾ അടുത്തേക്ക് ഓടി ചെല്ലുന്നു. കുഴപ്പമില്ല ഞാൻ ഇറങ്ങികോളാം എന്ന് അദ്ദേഹം പറയുന്ന സമയത്താണ് ക്യാമറ ഫ്രെയിം സെറ്റ് ചെയ്യുന്നത്. പ്രതീക്ഷിക്കാതെ പുളളി ഒരൊറ്റ ചാട്ടമായിരുന്നു. രണ്ട് ഷട്ടറാണ് എനിക്ക് കിട്ടിയത്. ബോഡി ഫിറ്റ്നെസിൽ വളരെയധികം എഫർട്ടെടുക്കുന്ന ഒരാളാണ് അദ്ദേഹം.
ഏഴാം വരവ്
ഞാൻ മീഡിയ അക്കാദമിയിൽ നിന്ന് ഫോട്ടോ ജേണലിസം കഴിഞ്ഞിറങ്ങിയതേ ഉളളൂ. സാറിന്റെ കൈയിൽ നിന്നൊരു ക്യാമറയും കടമെടുത്താണ് ഈ ചിത്രമെടുക്കാൻ പോയത്. മൊബൈലിൽ ഫോട്ടോയെടുത്ത് പഠിച്ച ഒരാളാണ് ഞാൻ.ദൈവാനുഗ്രഹത്തിൽ ഒറു പടം കിട്ടിയെന്നല്ലാതെ വലിയൊരു സംഭവമായി എനിക്ക് തോന്നുന്നില്ല. ഇതിനെക്കാൾ വലിയ ചിത്രങ്ങളെടുത്തവർ രാജ്യത്തും ലോകത്തുമുണ്ട്. രാഹുൽജിയോടുളള സ്‌നേഹവും ആദരവും കാരണമാണ് രാജ്യം ആ ചിത്രം ഏറ്റെടുത്തത്. രാഹുൽജിയുടെ ചിത്രമെടുക്കാൻ ഏഴാമത്തെ തവണയാണ് ഞാൻ പോകുന്നത്. ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ ആദ്യമായൊരു ക്യാമറ വാങ്ങുന്നത്. അന്ന് മനസിലെ ആഗ്രഹം എന്റെ ആദ്യത്തെ ക്ലിക്ക് രാഹുൽഗാന്ധിയെന്ന നേതാവിന്റേത് ആയിരിക്കണമെന്നായിരുന്നു. ആ സമയത്താണ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് രാഹുൽജി പ്രവാസികളെ കാണാൻ ദുബായിലേക്ക് എത്തുന്നത്. എന്നാലും എനിക്ക് പ്രതീക്ഷയൊന്നുമില്ലായിരുന്നു. പക്ഷേ ആന്റോ ആന്റണി എം പി വഴി പാസ് ഒപ്പിച്ച് എല്ലാ സുരക്ഷയും മറികടന്ന് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എനിക്ക് ചിത്രം പകർത്താനായി. അതിനുശേഷം ഡൽഹിയിൽ വച്ചും കേരളത്തിൽ വച്ചുമെല്ലാം ചിത്രം പകർത്തി. എന്നാൽ ആദ്യത്തെ ചിത്രത്തിന് ശേഷം ഇപ്പോഴാണ് ഇത്രയും അടുത്തുകിട്ടിയത്.
നേതാക്കളുടെ പിറകെ
ഉമ്മൻ ചാണ്ടി, ഷിബു ബേബി ജോൺ, ശശിതരൂർ തുടങ്ങി ഒട്ടേറെ നേതാക്കളുടെ പിന്നാലെ ചിത്രങ്ങളെടുക്കാനായി പോകാറുണ്ട്.
ഫോട്ടോഗ്രാഫി എന്റെ രാഷ്ട്രീയമാണ്. എന്റെ ഓരോ ചിത്രങ്ങളും രാഷ്ട്രീയം സംസാരിക്കുന്നുണ്ട്.
ഡൽഹിയിൽ പോയി 21 ദിവസം താമസിച്ചാണ് കർഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. സി എ എ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |