കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഭർത്താവ് സൂരജിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഇന്റർനെറ്റിൽ അണലി, മൂർഖൻ എന്നിവയെ കുറിച്ച് പരതിയതിന്റെ തെളിവ് ലഭിച്ചെന്ന് തിരുവനന്തപുരം സ്റ്റേറ്റ് സയൻസ് ലാബോറട്ടറി സൈബർ വിഭാഗം അസി. ഡയറക്ടർ ഡോ.കെ.പി. സുനിൽ കോടതിയിൽ മൊഴി നൽകി.
ആറാം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജ് മുൻപാകെയാണ് മൊഴി നൽകിയത്. മൊബൈൽ ഫോണിൽ നിന്ന് ഒരു ലക്ഷത്തിലധികം വിവരങ്ങൾ കണ്ടെടുത്തു. രേഖകൾ പ്രകാരം ഉത്രയെ ആദ്യം പാമ്പ് കടിക്കുന്നതിന് മുൻപ് അണലി സംബന്ധമായും പിന്നീട് മൂർഖൻ സംബന്ധമായും പരിശോധന നടത്തിയെന്ന് വെളിവായെന്നും അദ്ദേഹം പറഞ്ഞു. അണലിയുടെ കടിയേറ്റ് ചികിത്സയ്ക്കായി കൊണ്ടുചെന്ന തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോക്ടർമാരായ ഭുവനേശ്വരി, മാത്യു പുളിക്കൻ, സിറിൾ ജോസഫ് എന്നിവരെയും സാക്ഷികളായി വിസ്തരിച്ചു.
ഉത്രയെ അത്യാഹിത വിഭാഗത്തിൽ കൊണ്ടുവന്നപ്പോൾ അവരുടെ നില വളരെ ഗുരുതരമായിരുന്നുവെന്ന് ഭുവനേശ്വരി മൊഴി നൽകി. രാവിലെ ഒൻപതോടെ എന്തോ കടിച്ചുവെന്നും പതിനൊന്നോടെ വേദനതുടങ്ങിയതെന്നും വാഹനം കിട്ടാത്തത് കൊണ്ടാണ് വരാൻ താമസിച്ചതെന്നും സൂരജ് പറഞ്ഞതായി അവർ മൊഴി നൽകി. പത്ത് കുപ്പി ആന്റിവെനം കൊടുത്തിട്ടും സ്ഥിതി മെച്ചപ്പെട്ടില്ല. കൃത്യമായ ചികിത്സ നൽകിയതിനാലാണ് ഉത്ര അന്ന് രക്ഷപ്പെട്ടതെന്നും മൊഴി നൽകി.
പാമ്പ് കടിച്ച ഭാഗത്തെ പേശികളെയും വൃക്കയെയും വിഷം ഗുരുതരമായി ബാധിച്ചിരുന്നുവെന്നാണ് ഡോ. മാത്യുപുളിക്കന്റെ മൊഴി. രാവിലെ എന്തോ കടിച്ചത് പോലെ തോന്നി ഭർത്താവിനോട് പറഞ്ഞപ്പോൾ സാരമില്ലെന്നും വേദന സഹിക്കാതെ രക്തം വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുവന്നതെന്നും ഉത്ര പറഞ്ഞതായി അദ്ദേഹം പറഞ്ഞു. കാലിലെ കടി കൊണ്ട ഭാഗത്തെ പേശികൾ നശിച്ചു പോയതിനാൽ അതു മുഴുവൻ എടുത്തു മാറ്റിയ ശേഷം ഇടതുകാലിൽ നിന്ന് തൊലിയെടുത്തു ഗ്രാഫ്ട് ചെയ്തുവെന്ന് ഡോ. സിറിൽ ജോസഫ് മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |