ന്യൂഡൽഹി: ജൂനിയർ വനിതാ ജുഡിഷ്യൽ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മദ്ധ്യപ്രദേശ് ജില്ലാ ജഡ്ജി നിയമ നടപടി നേരിടണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച്.
നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്നുള്ള ജില്ലാ ജഡ്ജിയുടെ ഹർജിയിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചതോടെ ഹർജിക്കാരൻ അപേക്ഷ പിൻവലിച്ചു.
ലൈംഗിക പീഡനപരാതികൾ മൂടി വയ്ക്കാനാകില്ലെന്ന് വിമർശിച്ച കോടതി അപകടം ക്ഷണിച്ചുവരുത്തുന്ന പ്രവർത്തിയിലാണ് ജഡ്ജി ഏർപ്പെട്ടതെന്നും അന്വേഷണത്തിന് വിധേയനാകേണ്ടി വരുമെന്നും അറിയിച്ചു.
ജൂനിയർ ഓഫീസറുമായുള്ള പരിധിവിട്ട ബന്ധം ഒരു ജഡ്ജിയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതും ജുഡിഷ്യറിയ്ക്ക് തന്നെ കളങ്കമുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ആരോപണങ്ങൾ നിഷേധിച്ചെങ്കിലും ജഡ്ജി, ജൂനിയർ ഓഫീസർക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങൾ പ്രതിഭാഗം കോടതി മുറിയിൽ ഉറക്കെ വായിച്ചതോടെ ജഡ്ജി വെട്ടിലായി.സന്ദേശങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സുപ്രീംകോടതി വകുപ്പ് തല അന്വേഷണം ജഡ്ജി നേരിടണമെന്ന് വാക്കാൽ ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |