ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് വാക്സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. ഒരു ഡോസ് വാക്സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുക എന്നാണ് വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും. വാക്സിൻ നിർമാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്കിൽ ധാരണയായത്. 150 രൂപ വാക്സിനും 100 രൂപ സർവീസ് ചാർജും ഉൾപ്പെടെയാണിത്. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണു രണ്ടാംഘട്ട വാക്സിനേഷൻ നടക്കുക. മാർച്ച് ഒന്നിനാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്.
വാക്സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും പറഞ്ഞു. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.
60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക.
കേരളത്തിൽ വാക്സിൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷന് പണം നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച ശേഷം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |