ചെന്നൈ: മൂന്നിൽ രണ്ട് എന്ന ഭൂരിപക്ഷമില്ലാത്ത കോൺഗ്രസ് അധികാരത്തിൽ വന്നിട്ട് കാര്യമില്ലെന്നും ജനങ്ങൾ നൽകുന്ന അധികാരം ബിജെപി പണവും അധികാരവും ഉപയോഗിച്ച് കവർന്നെടുക്കുകയാണെന്നും കോൺഗ്രസ് എംപിയും പാർട്ടിയുടെ അഖിലേന്ത്യാ നേതാവുമായ രാഹുൽ ഗാന്ധി. ചെറു ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിൽ വന്നാലും ബിജെപി ഭരണം അട്ടിമറിക്കുമെന്നും പാർട്ടിക്ക് മികച്ച സ്ഥാനാർത്ഥി ഉണ്ടായിട്ടും കാര്യമില്ലെന്നും രാഹുൽ പറയുന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വിഒസി കോളേജിലെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കുന്നതിനായി കേന്ദ്ര ഏജൻസികളെ പോലും ബിജെപി ഉപയോഗപ്പെടുത്തുകയാണെന്നും രാഹുൽ വിമർശിച്ചു. ഇന്ത്യൻ ജനാധിപത്യം അവർ അട്ടിമറിച്ചു. മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ബിജെപിയുടെ ഈ അട്ടിമറിക്ക് കൂട്ടുനിൽക്കുന്നു. ബിജെപിയുടെ സ്വാധീനത്തിന് വഴങ്ങാത്തത് കൊണ്ട് തന്നെ അവർ വളഞ്ഞിട്ട് ആക്രമിക്കുന്നു. രാഹുൽ കുറ്റപ്പെടുത്തി.
പാവപ്പെട്ടവർക്ക് നരേന്ദ്ര മോദിയെക്കൊണ്ട് പ്രയോജനമില്ല. 'രണ്ടുപേർ'ക്ക് വേണ്ടിയാണ് മോദി പ്രവർത്തിക്കുന്നത്. ആ 'രണ്ടുപേർ' മോദിയെ ഉപയോഗിച്ച് അവരുടെ സ്വത്തുക്കൾ വലുതാക്കുന്നു. അദ്ദേഹം പറഞ്ഞു. പുതുച്ചേരിയിലെ യുപിഎ സർക്കാർ ബിജെപിയാൽ അട്ടിമറിക്കപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ ഈ പ്രസ്താവന വരുന്നത്. അതേസമയം, കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ നാളെ നടക്കുന്ന ഇടത് പാർട്ടികളുടെയും കോൺഗ്രസിന്റെയും റാലിയിൽ നിന്ന് രാഹുൽഗാന്ധി പിന്മാറിയത് വാർത്തയായിരുന്നു.