തിരുവനന്തപുരം: സമരം തുടരുന്ന സി.പി.ഒ ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം. അവരുടെ ആവശ്യം ന്യായമാണെന്ന് തോന്നുന്നില്ലെന്നും മറ്റ് ഉദ്യോഗാർത്ഥികളുമായി മാർച്ച് നാലിന് ചർച്ച നടത്തുമെന്നും റഹിം പറഞ്ഞു. അതേസമയം ഡി.വൈ.എഫ്.ഐയുമായി ചർച്ച എന്നേ നിർത്തിയതാണെന്ന് സി.പി.ഒ ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു.
എൽ.ജി.എസ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാനായത് സംസ്ഥാന സർക്കാരിന്റെ നേട്ടമാണ്. സമരം ഒത്തുതീർത്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നുള്ള പ്രതിപക്ഷ ആരോപണം ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. ഉത്തരവ് ഇറക്കാൻ പ്രതിപക്ഷത്തിന്റെ അനുമതി വേണ്ട. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. പ്രതിപക്ഷത്തിന്റേത് ദുഷ്ടമനസാണെന്നും കുബുദ്ധിക്കേറ്റ തിരിച്ചടിയാണ് ഉദ്യോഗാർത്ഥികളുടെ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നും റഹിം പറഞ്ഞു.
അതേസമയം ഡി.വൈ.എഫ്.ഐയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് സി.പി.ഒ ഉദ്യോഗാർത്ഥികൾ പ്രതികരിച്ചു. സി.പി.ഒ ഉദ്യോഗാർത്ഥികൾക്കായി സർക്കാർ ഒന്നും ചെയ്തില്ല. സമരം ശക്തമായി തുടരും. മാർച്ച് മൂന്നാം തിയതി കൂടുതൽ ഉദ്യോഗാർത്ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിക്കുമെന്നും സമരക്കാരുടെ പ്രതിനിധിയായ ഷിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |