കൊച്ചി: എട്ടുമാസം കൊണ്ട് പുതുക്കിപ്പണിയാൻ ലക്ഷ്യമിട്ട പാലാരിവട്ടം ഫ്ളൈഓവർ അഞ്ചുമാസവും പത്തു ദിവസവും കൊണ്ട് പണിതീർത്ത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി). വീണ്ടും കേരളീയരെ അമ്പരപ്പിച്ചു. ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ പണി ചെയ്തത് ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.
ഫ്ളൈഓവർ റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരളയ്ക്ക് ഇന്നോ നാളെയോ കൈമാറും. സർക്കാർ തീരുമാനിച്ചാൽ അടുത്തദിവസം ഗതാഗതത്തിന് തുറന്നുകൊടുക്കാം. പിഴവുകളും അഴിമതിയും മൂലം തുറന്നുകൊടുത്ത് രണ്ടു വർഷം കഴിഞ്ഞപ്പോൾ ഗതാഗതം നിറുത്തിവയ്ക്കേണ്ടിവന്ന ഫ്ളൈ ഒാവറാണിത്. ദേശീയപാത 66ൽ മുൻ യു.ഡി.എഫ് സർക്കാർ പണിത പാലമാണ് ബലക്ഷയം മൂലം പൊളിച്ചുപണിതത്. വിജിലൻസ് കേസിനും പൊതുമരാമത്ത് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനും വഴി തെളിച്ച ഫ്ളൈഓവർ പുതുക്കിപ്പണിയാൻ പിണറായി വിജയൻ സർക്കാരാണ് ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ ഫ്ളൈഓവർ പരിശോധിച്ചു. ഇത്രയും വേഗം പണി തീർത്ത ഉൗരാളുങ്കൽ സൊസൈറ്റി മാനേജ്മെന്റിനും തൊഴിലാളികൾക്കും ശ്രീധരൻ നന്ദി പറഞ്ഞു. ഒൻപതു മാസത്തിനകം തീർക്കാമെന്നാണ് സർക്കാരിന് വാക്ക് നൽകിയത്. ഉൗരാളുങ്കലിന് എട്ട് മാസമാണ് നൽകിയത്. അഞ്ചു മാസവും 10 ദിവസവും കൊണ്ടു പണി തീർത്തു.
ഡി.എം.ആർ.സി ചീഫ് എൻജിനിയർ കേശവ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പൊളിച്ചുപണി.
നിർമ്മാണച്ചെലവ് : 47.10 കോടി രൂപ
പുതുക്കിപ്പണി : 15 കോടി (ജനുവരി 1 വരെ )
ഫ്ളൈഒാവർ നാളുകൾ
2013 നവംബർ 11: ടെൻഡർ
2014 ജൂൺ 1 : ശിലാസ്ഥാപനം
2016 ഒക്ടോബർ 12 : ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ
2017 ജൂൺ : വിള്ളലും ബലക്ഷയവും കണ്ടെത്തി
2019 മേയ് 3 : പാലം അടച്ചിട്ടു
2020 സെപ്തംബർ 13 : പൊളിച്ചുപണിയാൻ സുപ്രീം കോടതി അനുമതി
2020 സെപ്തംബർ 23 : പൊളിച്ചുമാറ്റലും പുനർനിർമ്മാണവും
`ഈ പണി ലാഭത്തിന് വേണ്ടിയല്ല. ജനങ്ങൾക്ക് ഉപകരിക്കണമെന്ന ഒറ്റ ആശയിലാണ്. എല്ലാവരുടെയും സഹായം ലഭിച്ചു. എത്രയും വേഗം തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ'
- ഇ. ശ്രീധരൻ,
മുഖ്യ ഉപദേഷ്ടാവ്,
ഡി.എം.ആർ.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |