ബാഗ്ദാദ്: നാലുദിവസത്തെ സന്ദർശനത്തിനായി ഇറാക്കിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്നലെ വിശുദ്ധ നഗരമായ നജഫിലെത്തി ഇറാക്കിലെ ഏറ്റവും ശക്തരായ വ്യക്തകളിലൊരാളും ഷിയ ആത്മീയ നേതാവുമായ ആയത്തൊള്ള അൽ സിസ്താനിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
ചരിത്രപരമായ കൂടിക്കാഴ്ചയിൽ ഇരുവരും സമാധാനം പുലരുന്നതിനെക്കുറിച്ചാണ് ചർച്ച ചെയ്തത്.
സമാധാനപരമായ സഹവർത്തിത്വത്തിന്റെ സന്ദേശം നൽകാൻ ഇറാക്കിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനും മുസ്ളിങ്ങൾക്കും കഴിയുന്നുണ്ടെന്ന് മാർപാപ്പ പറഞ്ഞു. ഇറാക്കിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ചില സമയങ്ങളിൽ ഏറ്റവും ദുർബലരും പീഡിപ്പിക്കപ്പെടുന്നവരുമായ ആളുകൾക്ക് വേണ്ടി ശബ്ദമുയർത്തിയതിന് മാർപാപ്പ, അൽ സിസ്താനിക്കും ഷിയ വിഭാഗക്കാർക്കും നന്ദി പറഞ്ഞു.
ക്രിസ്ത്യൻ പൗരന്മാർ എല്ലാ ഇറാക്കികളെയും പോലെ സമാധാനത്തിലും സുരക്ഷിതത്വത്തിലും അവരുടെ മുഴുവൻ ഭരണഘടനാ അവകാശങ്ങളോടും കൂടെ ജീവിക്കണമെന്ന് മാർപ്പാപ്പ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടു. 2003 ലെ യു.എസ് അധിനിവേശം തുടങ്ങിയത് മുതൽ ഇറാക്കിലെ ക്രിസ്ത്യൻ ന്യൂനപക്ഷം ആശങ്കയിലായിരുന്നു. മാർപ്പാപ്പയുടെ സന്ദർശനത്തോടെ ഇറാക്കിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന് ആത്മവിശ്വാസം തിരിച്ചു കിട്ടിയിരിക്കുകയാണ്.
'മനുഷ്യജീവിതത്തിന്റെ പവിത്രതയും ഇറാക്ക് ജനതയുടെ ഐക്യത്തിന്റെ പ്രാധാന്യവും" ചർച്ചാ വിഷയമായതായി അൽ സിസ്താനി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നജാഫിലെ റസൂൽ സ്ട്രീറ്റിലെ ഇടുങ്ങിയ വഴിക്ക് മുന്നിൽ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ വന്നിറങ്ങിയ മാർപാപ്പ, ഏതാനും മീറ്റർ നടന്നാണ് അൽ സിസ്താനിയുടെ വീട്ടിലെത്തിയത്. ആഡംബരങ്ങളില്ലാത്ത, ലളിതമായ വസതിയാണ് സിസ്താനിയുടേത്. ദശാബ്ദങ്ങൾക്ക് മുമ്പാണ് അദ്ദേഹം ഇത് വാടകയ്ക്കെടുത്തത്.
പരമ്പരാഗത ഇറാക്കി വസ്ത്രമണിഞ്ഞ ഒരു സംഘം ആളുകളാണ് മാർപാപ്പയെ വരവേറ്റത്. വീടിന്റെ വാതിൽക്കൽ പോപ്പ് എത്തിയപ്പോൾ സാമാധാനത്തിന്റെ വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തിയിരുന്നു.
അടച്ചിട്ട മുറിയിൽ ഏതാണ്ട് 50 മിനിട്ടോളം നടന്ന കൂടിക്കാഴ്ചയുടെ എല്ലാ വിശദാംശങ്ങളും ആയത്തൊള്ളയുടെ ഓഫീസും വത്തിക്കാനും തമ്മിൽ ചർച്ച ചെയ്തിരുന്നു.
ഇറാക്കിലെ രണ്ടാം ദിവസം ഫ്രാൻസിസ് മാർപാപ്പ, ഷിയ ഇസ്ലാമിലെ ഏറ്റവും ശക്തരായ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. ആദ്യ ദിവസം പ്രസിഡന്റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും മാർപാപ്പ ചർച്ച നടത്തിയിരുന്നു.
തുടർന്ന്, മാർപാപ്പ നസ്രിയയിലെ പുരാതന നഗരമായ ഉർ സന്ദർശിച്ചു. യഹൂദമതം, ക്രിസ്ത്യൻ, ഇസ്ലാം എന്നീ മതങ്ങളുടെ പുരാതന കേന്ദ്രമാണിവിടം. ഇവിടെയാണ് ഇസ്ലാം പ്രവാചകനായ അബ്രഹാം നബി ജനിച്ചതെന്ന് വിശ്വസിക്കുന്നത്.
ബാഗ്ദാദിലെ സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ അദ്ദേഹം കുർബാന അർപ്പിച്ചു. ഇന്ന് രാവിലെ ഇർബിലിലേക്കു പോകും. വിമാനത്താവളത്തിൽ ഇറാക്കി, കുർദിസ്ഥാൻ പ്രതിനിധികളുമായി ചർച്ച നടത്തിയശേഷം ഹെലികോപ്ടറിൽ മൂസിൽ എത്തും. യുദ്ധത്തിൽ ജീവൻ വെടിഞ്ഞവർക്കായി ദേവാലയ ചത്വരത്തിൽ പ്രത്യേക പ്രാർത്ഥന നടത്തും. ഉച്ചകഴിഞ്ഞ് ഇർബിലിലെത്തുന്ന മാർപാപ്പ ഫ്രൻസോ ഹരീരി സ്റ്റേഡിയത്തിൽ കുർബാന അർപ്പിക്കും. വൈകിട്ട് ബഗ്ദാദിലേക്കു മടങ്ങി തിങ്കളാഴ്ച റോമിലേക്കു തിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |