കാസർകോട്: 'ഉള്ളിലെരെന്തോ' എന്നുതുടങ്ങുന്ന ഒറ്റ ഗാനത്തിൽ വൈറലായി 14 കാരിയായ വലിയപറമ്പിലെ ലാനിയത്ത് ലത്തീഫ്. കൊച്ചുകുട്ടികൾ പോലും ഏറ്റുപാടുന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി മാറിയ കൊച്ചുഗായിക സോഷ്യൽ മീഡിയയിലെ താരമാണിപ്പോൾ.
ഹിറ്റ് പാട്ടുകൾ രചിച്ച് സംവിധാനം ചെയ്ത ഷുക്കൂർ ഉടുമ്പുന്തലയുടെ 'ഉള്ളിലെരെന്തോ' എന്ന ആൽബത്തിലാണ് ലാനിയത്ത് പാടിയത്. ഒരാഴ്ചക്കുള്ളിൽ ഒരു ലക്ഷത്തിലധികം പേർ ഗാനം കേട്ടു. മൂളിപ്പാട്ടുമായി നടന്ന ഒൻപതാംക്ലാസുകാരിയുടെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് പിതാവ് ലത്തീഫായിരുന്നു. ലാനിയത്ത് ആകാശവാണിയിൽ മുമ്പ് മാപ്പിളപാട്ടുകളും ലളിതഗാനങ്ങളും പാടിയിരുന്നു.
ശാസ്ത്രീയ പഠനമില്ലാത്ത മകളുടെ പുതിയ പാട്ടിനെ കുറിച്ച് നാട്ടുകാരും അഭിപ്രായം പറഞ്ഞതോടെ അടുത്തുള്ള റിഥം സ്റ്റുഡിയോവിൽ പോയി ശബ്ദം പരീക്ഷിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ കേരള വാട്ട്സാപ്പ് ഗ്രൂപ്പിൽ ലാനിയത്തിന്റെ മൂന്നു പാട്ടുകൾ പോസ്റ്റുചെയ്തു. മാധുര്യമൂറുന്ന പാട്ടുകൾക്ക് അംഗീകാരം വന്നു. പലരും ആ ശബ്ദത്തിനുടമ ആരെന്ന് അന്വേഷിച്ചു തുടങ്ങി.
സുഹൃത്തും ആൽബം സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തല കുട്ടിക്ക് പാടാൻ അവസരമൊരുക്കി. അങ്ങനെയാണ് 'ഉള്ളിലെരെന്തോ' ഗാനം കണ്ണൂരിലെ സ്റ്റുഡിയോവിൽ റെക്കാർഡ് ചെയ്തത്. ലാനിയത്ത് തന്നെ പാടി അഭിനയിച്ച് ഗാനചിത്രീകരണവും നടന്നു. ഗാനത്തിന്റെ സംഗീതം വഹാബാണ്. ഈ ആൽബത്തിൽ അഭിനയിച്ച കരിവെള്ളൂർ സ്വദേശി ഫൈസലിന്റെ മികവും ശ്രദ്ധിക്കപ്പെടുന്നതാണ്.
ഇപ്പോൾ ലാനിയത്തിന് പാടാനുള്ള ഓഫർ പ്രവഹിക്കുകയാണ്. മാതാവ് ടി.കെ.പി നുസ്രത്തും പടന്ന ജി.എഫ്.എച്ച്.എസ് സ്‌കൂളിലെ അധ്യാപകൻ സുകുമാരനും പ്രോത്സാഹനം നൽകി. ലിയാനത്ത്, ലാനിയത്ത്, ലിയാഖത്ത്, ലാമിയത്ത് എന്നിവരാണ് ലാനിയത്തിന്റെ സഹോദരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |