കുന്നംകുളം: എല്ലാ ശബരിമല ഭക്തരും എൽ.ഡി.എഫിന് വോട്ട് ചെയ്യില്ലെന്ന് ശപഥം എടുക്കണമെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ. കെ. അനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുന്നംകുളത്ത് ഒരുക്കിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ശബരിമലയിൽ ഭക്തജനങ്ങളെ മർദ്ദിക്കാൻ പൊലീസിന് ഉത്തരവ് നൽകിയ കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടുന്ന എൽ.ഡി.എഫിന് ജനം രാഷ്ട്രീയ മറുപടി നൽകുമെന്നും അവർ പറഞ്ഞു. ശബരിമലയിൽ ഭക്തർക്ക് നേരെ ലാത്തികൊണ്ട് അടിച്ച കടകംപള്ളിക്ക് ഇപ്പോൾ അത് തെറ്റാണെന്ന് തോന്നുന്നു. പക്ഷെ കാര്യമില്ല. ഏഴ് ജന്മം അതിന്റെ ശാപം അയാളുടെ മേൽ ഉണ്ടാകും. സദ്ഭരണം നടക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തണം.
സ്വർണ്ണക്കള്ളക്കടത്ത് ഏജന്റുമാരുടെയും മയക്കുമരുന്ന് ഏജന്റുമാരുടെയും കൂത്തരങ്ങാക്കി കേരളത്തെ മാറ്റിയ ഇടതുമുന്നണിയെ ഉന്മൂലനം ചെയ്യാൻ ബി.ജെ.പിക്കേ കഴിയൂ. എൽ.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കള്ളന്മാരെയും കൊള്ളക്കാരെയും സ്വർണ്ണ കള്ളക്കടത്തുകാരെയും പേടിക്കേണ്ട കാര്യം ബി.ജെ.പിക്കില്ല. തമിഴ് ഭാഷയിലായിരുന്നു നിർമ്മല സീതാരാമന്റെ പ്രസംഗം. വൈകീട്ട് 5:30 ന് കുന്നംകുളം അടുപ്പുട്ടി സീനിയർ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ കേന്ദ്രമന്ത്രിയെ ബി.ജെ.പിയുടെ വൻ ജനാവലിയാണ് ഹർഷാരവങ്ങളോടെ സ്വീകരിച്ചത്. ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകരടങ്ങിയ റോഡ് ഷോയിൽ നാടൻ കലാരൂപങ്ങൾ, കാവടി എന്നിവ അകമ്പടിയായി. എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ.കെ അനീഷ് കുമാർ, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത്, മുൻ പ്രസിഡന്റ് കെ.എസ് രാജേഷ്, അനീഷ് മാസ്റ്റർ ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി.
ഇടതു പക്ഷം അധികാരത്തിലെത്തും,
പിണറായി മുഖ്യമന്ത്രിയാകും : എ.സി. മൊയ്തീൻ
വടക്കാഞ്ചേരി : നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നും, പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും മന്ത്രി എ.സി മൊയ്തീൻ. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ വികസന കാഴ്ചപ്പാട്, നാളെ 'എന്ന പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ജീവിതാനുഭവങ്ങളാണ് വീണ്ടും ഇടതു സർക്കാർ അധികാരത്തിലെത്താൻ കാരണമാകുന്നത്. കേരളത്തിലെ അടിസ്ഥാന സൗകര്യം വർദ്ധിച്ചു. ലൈഫ് മിഷൻ പദ്ധതി പ്രകാരം ഇതിനകം 2.80 ആയിരം വീടുകൾ നിർമ്മിച്ചു നൽകി. പതിനായിരം കോടി രൂപ ഇതിനായി ചെലവഴിച്ചു. ഭൂരഹിതരായ അഞ്ച് ലക്ഷം ആളുകളുടെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. പാവപ്പെട്ടവരുടെ വീട് മുടക്കാൻ ഇവിടെ ചിലർ ശ്രമിച്ചു. കോൺഗ്രസ് പെട്ടി അടക്കിവെച്ച് ബി.ജെ.പി.യിലേക്ക് ചേക്കേറുകയാണ്. അലിഞ്ഞ ഉപ്പിലിട്ട കലം പോലെയുള്ള അസ്ഥയായി കോൺഗ്രസിന്റേത്. ബി.ജെ.പി വർഗ്ഗീയത ഉയർത്തിക്കാട്ടിയാണ് വോട്ടഭ്യർത്ഥിക്കുന്നത്. ശ്രീനാരായണ ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് കേരളത്തിലെ ഇടതുപക്ഷം നിലകൊള്ളുന്നതെന്നും മൊയ്തീൻ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മറ്റിയംഗം വി. മുരളി ആദ്യപ്രതി ഏറ്റുവാങ്ങി. എൽ.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി കെ.കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി, എ. പത്മനാഭൻ, എ.എസ് കുട്ടി, എം.കെ കണ്ണൻ, മേരി തോമസ്, എം.ആർ സോമനാരായണൻ, പി.എൻ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |