ഭോപ്പാൽ: കൊവിഡ് രോഗത്തെ തുരത്താനായി വിമാനത്താവളത്തിൽ വച്ച് പൂജ നടത്തി മദ്ധ്യപ്രദേശ് മന്ത്രി ഉഷാ താക്കൂർ. മാസ്ക് പോലും ധരിക്കാതെ ഇൻഡോർ എയർപോർട്ടിൽ വച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രി പൂജ നടത്തിയത്. വിമാനത്താവളത്തിലെ ദേവി അഹല്യ ബായ് ഹോള്‍ക്കറുടെ പ്രതിമയ്ക്ക് മുമ്പിലായിരുന്നു കൈകൾ തട്ടികൊണ്ടും പാടിയും ഉഷാ താക്കൂർ 'കൊവിഡിനെതിരെ' പൂജ നടത്തിയത്.
പൂജയിൽ എയർപോർട്ട് ഡയറക്ടർ, മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ എന്നിവരും പങ്കെടുത്തിരുന്നു. മിക്കപ്പോഴും മാസ്ക് ധരിക്കാതെയാണ് ഉഷാ താക്കൂർ പൊതുയിടങ്ങളിൽ എത്തുന്നതെന്ന് നേരത്തെ തന്നെ പലരും പരാതി പറഞ്ഞിരുന്നു. മാസ്ക് ധരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് താൻ എന്നും ഹനുമാൻ ചാലീസ ചൊല്ലുന്നുണ്ടെന്നും പൂജ നടത്താറുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ചാണകവറളി(ഹവാൻ) കത്തിച്ചുകൊണ്ട് 12 മണിക്കൂർ നേരത്തേക്ക് വീടുകൾ അണുവിമുക്തമാക്കാൻ സാധിക്കുമെന്ന് ഉഷാ താക്കൂർ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ദിവസേന 84 ശതമാനത്തിലധികം കൊവിഡ് കേസുകളാണ് മദ്ധ്യപ്രദേശില്‍ സ്ഥിരീകരിക്കുന്നത്. നിലവില്‍ 3,27,220 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മദ്ധ്യപ്രദേശിൽ 4,882 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരുന്നു.
Content Highlight: madhya pradesh minister usha thakur conducts puja without mask in indore airport to get rid of covid
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |