ബംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ളാദ്ജോഷിയുടെ വസതിക്ക് മുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ, ചികിത്സയിലിരിക്കെ മരിച്ചു.
കർണാടക ധാർവാഡ് ഗരഗ് സ്വദേശിയും കർഷകത്തൊഴിലാളിയുമായ ശ്രീദേവി വീരണ്ണകന്നാറാണ് (31) കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ആറിനാണ് ശ്രീദേവി മന്ത്രിയുടെ വീടിന് മുന്നിലെത്തി വിഷം കഴിച്ചത്. 2019ലെ പ്രളയത്തിൽ വീടു തകർന്നതിന് ലഭിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും കൂടുതൽ ധനസഹായം വേണമെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് ഇവരിൽ നിന്നും കണ്ടെടുത്തിരുന്നു. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം തകർന്ന വീട്ടിലാണ് ശ്രീദേഴി കഴിഞ്ഞിരുന്നത്. വീടു നന്നാക്കാൻ ധനസഹായം ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ, ധാർവാഡിൽനിന്നുള്ള ലോക്‌സഭാംഗമായ പ്രഹ്ലാദ് ജോഷി എന്നിവരെ കാണാൻ ശ്രീദേവി പലതവണ ശ്രമിച്ചിരുന്നു. ഇതിനായി ശ്രീദേവി ഡൽഹിയിലും പോയിരുന്നു. എന്നിട്ടും കാണാനായില്ല. ഇ-മെയിൽ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭാഗികമായി തകർന്ന വീടിന് അരലക്ഷം രൂപ നഷ്ടപരിഹാരം നൽകിയിരുന്നുവെന്ന് ധാർവാഡ് തഹസിൽദാർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |