തിരുവനന്തപുരം: എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ ക്രൈബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് മുട്ടിടി തുടങ്ങി. കേസെടുത്തവർക്കെതിരെ ബദൽ കേസെടുക്കാനുള്ള നീക്കം ഇഡി ശക്തമാക്കിയതോടെയാണിത്. കേസിൽ ഇടപെട്ട പൊലീസ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ് പി, ചില ജയിൽ ഉദ്യോഗസ്ഥർ, ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസുണ്ടാകുമെന്ന ആശങ്കയിലാണ് പൊലീസിലെ ഉന്നതർ. കേസെടുത്താൽ അതിൽ നിന്ന് രക്ഷപ്പെടുക എളുപ്പവുമല്ല. മാത്രവുമല്ല, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാവുകയും ചെയ്യും.
ഇഡിക്കെതിരെ കേസെടുത്താൽ അത് തിരിഞ്ഞുകൊത്തും എന്ന് നേരത്തേതന്നെ സംസ്ഥാന പൊലീസ് മേധാവിയടക്കമുളള പൊലീസ് ഉന്നതർക്ക് വ്യക്തമായി അറിവുണ്ടായിരുന്നതാണ്. അതുകൊണ്ടുതന്നെ ഡി ജി പി ഉൾപ്പടെയുള്ള പൊലീസ് ഉന്നതരിൽ പലരും തൊപ്പിയും തടിയും സുരക്ഷിതമാക്കിയിരുന്നു. ഇഡിക്കെതിരെ കേസെടുത്താൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഡി ജി പി മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ അറിയിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. എന്നാൽ കേസെടുക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകുകയായിരുന്നു. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് ആരോപിച്ചശേഷം അതേ നാണയത്തിൽ അവർക്കു മറുപടി നൽകാനായിരുന്നു സർക്കാരിന്റെ ശ്രമം.
കാര്യങ്ങൾ പന്തിയല്ലെന്ന് വ്യക്തമായതോടെ ഇഡിക്കെതിരായ അന്വേഷണ ഉത്തരവിൽ ഡിജിപി ഒപ്പിട്ടില്ല. പകരം ഒപ്പിട്ടതാകട്ടെ പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ രണ്ട് ജൂനിയർ സൂപ്രണ്ടുമാരായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ വർണക്കടത്തു കേസിലെ പ്രതി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി മറ്റൊരു പ്രതി സന്ദീപ് നായർ ജയിലിൽനിന്ന് കത്തെഴുതിയിരുന്നു. ഇതിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.
കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ ക്രൈംബ്രാഞ്ചിന് അന്വേഷണം അവസാനിപ്പിക്കുകയോ മേൽക്കോടതിയെ സമീപിക്കുകയോ ചെയ്യേണ്ടിവരും.സർക്കാർ മേൽക്കോടതിയെ സമീപിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |