കണ്ണൂർ: ഉത്സവകാലങ്ങളിൽ അമ്പലപ്പറമ്പിൽ മുസ്ലീങ്ങളെ പ്രവേശിപ്പിക്കില്ല എന്നറിയിക്കുന്ന ബോർഡ് വിവാദത്തിലേക്ക്. കണ്ണൂര്‍ പയ്യന്നൂരിലെ മല്ലിയോട്ട് പാലോട്ട് എന്ന് പേരുള്ള അമ്പലപ്പറമ്പില്‍ ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോര്‍ഡ് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ക്ഷണിച്ചുവരുത്തുകയാണ്.
മുസ്ലിം സമുദായങ്ങളെ അപരവത്കരിക്കുകയും വരുംതലമുറയുടെ മനസിൽ പോലും വർഗീയ വിഷം കുത്തിവെക്കുന്നതുമാണ് ഈ ബോർഡെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശത്തെ അമ്പലപ്പറമ്പിലാണ് ഈ ബോർഡ് ഉയർന്നതെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നുണ്ട്.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന കുഞ്ഞിമംഗലം എന്ന സ്ഥലം പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശമാണെന്നും അതിനാൽത്തന്നെ സിപിഎമ്മിന് സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കുകയില്ല എന്നും കുറ്റപ്പെടുത്തലുണ്ട്.
അന്യമത വിദ്വേഷത്തിന്റെ വിഷം കുത്തിവയ്ക്കുന്നതാണ് ഇത്തരത്തിലുള്ള ബോർഡുകളെന്നും എല്ലാവർക്കും ഒത്തുകൂടാവുന്ന പൊതുസ്ഥലമാണ് അമ്പലപ്പറമ്പുകളെന്നും വൈവിധ്യമാണ് അതിന്റെ മനോഹാരിതയെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.
കേരളത്തിൽ സംഘപരിവാർ ശക്തി നേടുന്നതിന്റെ സൂചനയാണ് ഇത്തരം സംഭവങ്ങളെന്ന് ചിലർ പറയുമ്പോൾ വർഗീയത വളർത്താനുള്ള ശ്രമങ്ങളെ കേരളത്തിലെ പുരോഗമന, മതേതര സമൂഹം തള്ളിക്കളയുമെന്ന് സോഷ്യൽ മീഡിയയിലെ തന്നെ മറ്റുചിലരും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |