കാസർകോട്: അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ തറയും ഷെഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ പാെലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപൻ, സുജിത്ത്, കിട്ടു എന്നിവർക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ച് കയറി തറയും ഷെഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാൻ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ഇവർക്കെതിരെയുള്ള എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞദിവസമായിരുന്നു കൊടിനാട്ടൽ. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ തന്നെ പിന്നീട് കൊടിമാറ്റുകയായിരുന്നു.
അതിനിടെ സി പി എം ആവശ്യപ്പെട്ട തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തിതിലുള്ള വിരോധം കൊണ്ടാണ് തറയും ഷെഡും പൊളിച്ചതെന്നാണ് സ്ഥലം ഉടമ വി.എം. റാസിഖ് പറയുന്നത്. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്ത സ്ഥലമാണിതെന്നും വീടുനിർമാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാത്തതുകൊണ്ടാണ് ആക്രമണം നടത്തിയെന്ന കാര്യം സൂചിപ്പിച്ചിട്ടില്ല.
സംഭാവന ചോദിച്ചിട്ടില്ലെന്നാണ് ഡി വൈ എഫ് ഐ പറയുന്നത്. വീട് നിർമ്മാണം നടക്കുന്ന സ്ഥലം വയൽഭൂമിയാണെന്നും നിർമാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വയൽ നികത്തി വീട് നിർമിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്‌ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരേ നാട്ടുകാരിൽനിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. മാദ്ധ്യമപിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന് പിന്നിലെന്നും ജില്ലാ കമ്മിറ്റി പറയുന്നു.
അതേസമയം,സംഭവത്തിൽ ഡി.വൈ.എഫ്.ഐ.ക്കെതിരേ യൂത്ത് ലീഗും യൂത്ത് കോൺഗ്രസും രംഗത്തെത്തി. യൂത്ത് ലീഗ് നേതാവ് ആബിദ് ആറങ്ങാടിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ പ്രവർത്തകർ ഡി.വൈ.എഫ്.ഐ.ക്കാർ വഴി തടസ്സപ്പെടുത്താനായിട്ട കല്ലുകൾ എടുത്തുമാറ്റി. യൂത്ത് കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |