തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്കുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവർക്ക് ആർടിപിസിആർ പരിശോധന അല്ലെങ്കിൽ 14 ദിവസം റൂം ഐസൊലേഷൻ നിർബന്ധമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. വാക്‌സിൻ എടുത്തിട്ടുള്ളവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുൻപ് 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. അല്ലാത്തവർ കേരളത്തിൽ എത്തിയ ഉടൻ തന്നെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും പരിശോധനാ ഫലം ലഭിക്കുന്നതുവരെ അവരവരുടെ വാസസ്ഥലങ്ങളിൽ റൂം ഐസൊലേഷനിൽ കഴിയേണ്ടതാണ്.
പരിശോധനാഫലം പോസിറ്റീവ് ആകുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. പരിശോധനാഫലം നെഗറ്റീവാകുന്നവർ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയാക്കുക തുടങ്ങിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണം, മണം അനുഭവപ്പെടാതിരിക്കുക, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകാത്തവർ കേരളത്തിൽ എത്തിയ ദിവസം മുതൽ 14 ദിവസം റൂം ഐസൊലേഷനിൽ കഴിയുകയും ലക്ഷണങ്ങൾ നിരീക്ഷിക്കുകയും വേണം. എന്തെങ്കിലും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം തേടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |