തിരുവനന്തപുരം: സംസ്ഥാനത്തെയും തൃശൂർ ജില്ലയിലെയും ഇന്നത്തെ കൊവിഡ് കണക്കുകൾ ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യൽ മീഡിയ. സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമായിരിക്കുന്ന സമയത്തും തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെയാണ് സോഷ്യൽ മീഡിയ പരിഹാസരൂപേണ വിമർശിക്കുന്നത്. ഇന്നത്തെ കൊവിഡ് കണക്കുകളെ കുറിച്ചുള്ള വാർത്തകൾക്കും മറ്റും കീഴിലായി കമന്റുകളുടെ രൂപത്തിലാണ് ഈ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തൃശൂർ പൂരം അടിച്ചുപൊളിക്കണമെന്നും ഗംഭീരമാകണമെന്നുമാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കുന്നവരെയും കാണാം. മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന ആരോപണങ്ങളുടെ കാര്യം ചിലർ ചൂണ്ടിക്കാട്ടുമ്പോൾ തൃശൂർ പൂരം ഈ സാഹചര്യത്തിൽ നടത്തേണ്ടതില്ലെന്നും സർക്കാർ അത് സംബന്ധിച്ച് തീരുമാനമെടുക്കാത്തത് എന്തെന്നുമാണ് മറ്റ് ചിലർ ചോദിക്കുന്നത്.
ഇന്ന് മാത്രം തൃശൂരിൽ 1780 പേർക്കാണ് കൊവിഡ് വന്നതായി കണ്ടെത്തിയത്. ഇതോടെ ജില്ലയിൽ നിലവിൽ രോഗം മൂലം ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 7122 ആയി ഉയർന്നിട്ടുണ്ട്. ജില്ലയിൽ ഇന്ന് 428 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. തൃശൂരിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെയും ആയിരത്തിന് മുകളിലായിരുന്നു.
തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം രംഗത്ത് വന്നിരുന്നു. ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞിരുന്നു. ബിജെപി വക്താവ് സന്ദീപ് ജി വാര്യരും തൃശൂർ പൂരം നടത്തണമെന്നും ആചാരങ്ങൾ അട്ടിമറിക്കാൻ പാടില്ലെന്നും പറഞ്ഞിരുന്നു.
അതേസമയം, ഇന്ന് സംസ്ഥാനത്ത് 18,257 പേരിലാണ് കൊവിഡ് രോഗം കണ്ടെത്തിയത്. ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് ഇത്രയധികം ഉയരുന്നതെന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങൾ കൊവിഡ് 19 മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗം മൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളുടെ എണ്ണം 4929 ആയി ഉയർന്നു. 16.77 % ആണ് ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക്.
content highlight: social media against thrissur pooram being celebrated in the context of covid.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |