ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1619 പേർ കൂടി മരിച്ചു. ആകെ മരണം - 1.78 ലക്ഷം. ആകെ കേസുകൾ 1.5 കോടി കടന്നു. അതിനിടെ പ്രധാനമന്ത്രി ഡോക്ടർമാരുമായും പ്രമുഖ മരുന്നുകമ്പനികളുടെ പ്രതിനിധികളുമായും യോഗം ചേർന്നു.
മഹാരാഷ്ട്ര, യു.പി, ഡൽഹി, കർണാടക, കേരളം, ഛത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 79.58 ശതമാനവുമെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. 20 സംസ്ഥാന,കേന്ദ്രഭരണപ്രദേശങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തോടടുത്തു. നിലവിൽ 19,29,329 പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ കേസുകളുടെ 12.81 ശതമാനമാണ്. രോഗമുക്തി നിരക്ക് 86 ശതമാനം.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, യു.പി, കർണാടക, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ 63 ശതമാനവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് അടുത്ത മൂന്നാഴ്ച്ച വളരെ നിർണായകമാണെന്ന് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്കുലാർ ബയോളജി ഡയറക്ടർ ഡോ. രാകേഷ്മിശ്ര പറഞ്ഞു. ജനങ്ങൾ കൊവിഡ് ശീലം ഉപേക്ഷിച്ചതാണെന്ന് രോഗവ്യാപനം തീവ്രമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ കണ്ടെത്തിയ ഇരട്ടമാറ്റം വന്ന വകഭേദം ആസ്‌ട്രേലിയ, ബെൽജിയം, ജർമ്മനി, അയർലൻഡ്, നമീബിയ, ന്യൂസിലൻഡ്, സിംഗപുർ, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളിലും
യു.പിയിലെ ലക്നൗ,വാരാണസി, പ്രയാഗ്‌രാജ്,കാൺപുർ എന്നിവിടങ്ങളിൽ അലഹബാദ് ഹൈക്കോടതി അടച്ചുപൂട്ടലിന് ഉത്തരവിട്ടു
രാജസ്ഥാനിൽ കർഫ്യു രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി
മദ്ധ്യപ്രദേശിൽ ഭോപ്പാൽ, ഇൻഡോർ, ഉജ്ജൈൻ എന്നിവിടങ്ങളിൽ ലോക്ക്ഡൗൺ 26 വരെ നീട്ടി
പശ്ചിമബംഗാളിൽ സ്‌കൂളുകൾ അനിശ്ചിതകാലത്തേക്കും ജമ്മു കാശ്മീരിൽ മെയ് 15 വരെ സ്കൂളുകൾ അടച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |