SignIn
Kerala Kaumudi Online
Thursday, 14 May 2026 4.04 AM IST

കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണൻ നാളെ വിരമിക്കും

Increase Font Size Decrease Font Size Print Page
Add as a preferred source on Google
justice-thottathil-b-radh

കൊച്ചി: പതിനാറു വർഷത്തെ ഒൗദ്യോഗിക ജീവിതത്തിനു ശേഷം ജസ്റ്റിസ് തോട്ടത്തിൽ. ബി. രാധാകൃഷ്‌ണൻ കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് നാളെ വിരമിക്കും.

2004 ൽ കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് രാധാകൃഷ്‌ണൻ പിന്നീ‌ട് ആക്ടിംഗ് ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ട് ഇടപെട്ടിരുന്ന ന്യായാധിപനാണ് അദ്ദേഹം. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിൽ നഗരസഭയുടെ ഭാഗത്ത് വീഴ്ചയുണ്ടായപ്പോൾ തന്റെ വസതിക്കു മുന്നിലൂടെയൊഴുകുന്ന കാന വൃത്തിയാക്കാൻ കൈക്കോട്ടുമായി മഴയിലിറങ്ങിയത് ജനശ്രദ്ധ നേടിയിരുന്നു. കുടിവെള്ള ടാങ്കറിൽ കക്കൂസ് മാലിന്യം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ദേഹം ഒൗദ്യോഗിക വാഹനത്തിൽ പിന്തുടർന്നു പിടികൂടിയതും ,സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയെടുത്തതും ഉദാഹരണങ്ങളാണ്.

ആക്ടിംഗ് ചീഫ് ജസ്റ്റിസായിരിക്കെ ,2017 മാർച്ച് 18നാണ് അദ്ദേഹം ഛത്തിസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. പിന്നീട് ആന്ധ്ര ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. 2019 ജനുവരി ഒന്നിന് തെലുങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസായി . 2019 ഏപ്രിൽ ഏഴിനാണ് കൊൽക്കത്ത ചീഫ് ജസ്റ്റിസായത്. അഭിഭാഷകരും കൊല്ലം സ്വദേശികളുമായ എൻ. ഭാസ്കരൻ നായരുടെയും എൻ. പാറുക്കുട്ടി അമ്മയുടെയും മകനായ തോട്ടത്തിൽ രാധാകൃഷ്‌ണൻ ഫാത്തിമ മാതാ നാഷണൽ കോളേജിലെ ഉപരിപഠനത്തിനു ശേഷം കോളാറിലെ കെ.ജി.എഫ് ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1988ൽ ഹൈക്കോടതി അഭിഭാഷകനായി . മീരസെൻ ഭാര്യ. മക്കൾ: പാർവതി നായർ, കേശവരാജ് നായർ.

Add as a preferred source on Google
TAGS: RETIREMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA