ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബിജെപി മഹിളാ മോർച്ചാ പ്രവർത്തകയായ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി എന്ന പ്രചാരണം ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെയും മറ്റും നടക്കുകയാണ്. പേരും ചിത്രവും ഉൾപ്പെടുത്തി, തൃണമൂൽ പ്രവർത്തകർ കൂട്ടബലാത്‌സംഗം ചെയ്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന ക്രൂരമായി പ്രചാരണം ഇന്ത്യയൊട്ടാകെയുള്ള നിരവധി സോഷ്യൽ മീഡിയാ പ്രൊഫൈലുകൾ നടത്തുന്നുണ്ട്.
വലതുപക്ഷ/തീവ്ര വലതുപക്ഷ അനുകൂലികളായ നിരവധി പേർ ഇക്കാര്യം കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും ഏറ്റുപിടിച്ചിട്ടുമുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് പെൺകുട്ടിയെ ഇവർ കൊലപ്പെടുത്തിയതെന്നും ഇക്കൂട്ടർ പറയുന്നു. എന്നാൽ ഈ പ്രചാരണം വാസ്തവവിരുദ്ധമാണെന്നാണ് വസ്തുത പരിശോധനാ വെബ്സൈറ്റായ ഫാക്ട് ക്രെസെൻഡോ പറയുന്നത്. പെൺകുട്ടി കൂട്ടബലാത്‌സംഗത്തിന് ഇരയായി തന്നെയാണ് കൊല്ലപ്പെട്ടതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
എന്നാൽ ഈ സംഭവത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളേതുമില്ലെന്നാണ് ഫാക്ട് ക്രെസെൻഡോ ചൂണ്ടിക്കാട്ടുന്നത്. പെൺകുട്ടിയെ വീടിനു സമീപത്തായി ജോലിക്കെത്തിയെ കെട്ടിട നിർമാണ തൊഴിലാളികളാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്‌സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ചോട്ടു മുണ്ട, തപാതി പാത്ര, ബി. മുർമു എന്നിവരാണ് സംഭവത്തിലെ പ്രതികൾ. സംഭവത്തെക്കുറിച്ച് പെൺകുട്ടിയെ കുടുംബം പിംഗ്ല പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരുന്നു.
വൈദ്യപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും ജാതി, മതം, രാഷ്ട്രീയം എന്നീ ഘടകങ്ങളൊന്നും കൊലപാതകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ഫാക്ട് ക്രെസെൻഡോ പറയുന്നു.
പെൺകുട്ടിയുടെ ബന്ധുക്കളോ വാർത്ത റിപ്പോർട്ട് ചെയ്തമാദ്ധ്യമങ്ങളോ ഇത്തരംപ്രേരണകൾ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതായി പറയുന്നില്ല. പശ്ചിമ ബംഗാളിലെ ഖരഗ്‌പുർ എഎസ്‌പി റാണാ മുഖർജിയുമായി ഫോണിൽ ബന്ധപ്പെട്ടുകൊണ്ടാണ് വെബ്സൈറ്റ് പ്രതിനിധികൾ സംഭവത്തിന് പിന്നിലെ വസ്തുതകൾ കണ്ടെത്തിയത്. ഫാക്ട് ക്രെസെൻഡോയെ കൂടാതെ ഇന്ത്യ ടുഡേ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങൾ സംഭവത്തിന് പിന്നിലെ വസ്തുത വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു.
content details: fact check on the allegation that the girl who was sexually abused by a group of people in bengal was a bjp mahila morcha member.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |