SignIn
Kerala Kaumudi Online
Friday, 26 April 2024 8.26 PM IST

കേരളത്തിലെ ഉരലും ഡൽഹിയിലെ മദ്ദളവും

eee

രമേശ് ചെന്നിത്തലയെ മാറ്റി സതീശനെ പ്രതിപക്ഷനേതൃസ്ഥാനത്ത്അവരോധിക്കുന്നതുമായി ബന്ധപ്പെട്ട് വരച്ച കാർട്ടൂണിനെക്കുറിച്ച് ഈ പംക്തിയിൽ എഴുതിയിരുന്നല്ലോ. രമേശിനെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിലനിർത്താൻ ഏറ്റവും അധികം ശ്രമിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടി ചെന്നിത്തല അച്ചുതണ്ട് ഉയർത്തിയ സമ്മർദ്ദ തന്ത്രങ്ങൾക്ക് തെല്ലും വഴങ്ങാതെയാണ് ഹൈക്കമാന്റ് സതീശന് അനുകൂലമായ തീരുമാനം എടുത്തത്. കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനേറ്റ ശക്തമായ തിരിച്ചടിയായാണ് ഈ നടപടി വിലയിരുത്തപ്പെട്ടത്.

കഴിഞ്ഞ അഞ്ചുവർഷവും മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ യുഡിഎഫിനെ സഹായിച്ചത് രമേശിന്റെ മികച്ച നേതൃത്വമാണെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം കൊണ്ടുവന്ന അഴിമതി ഇടപാടുകൾ ഇടതു സർക്കാരിനെ പ്രതിരോധത്തിലാക്കി എന്നും ഉമ്മൻചാണ്ടി അടക്കം ഒരു വിഭാഗം എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരുന്നു. സമീപകാലത്തെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായ രമേശിനെ അപമാനിച്ചു പുറത്താക്കുന്നത് അനീതി ആണെന്നും ഇവർ ഹൈക്കമാൻഡ് പ്രതിനിധികളോട് ആവശ്യപ്പെട്ടു. എന്നാൽ ഗ്രൂപ്പ് നേതൃത്വങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന രീതി ഇനി വേണ്ട എന്ന് രാഹുൽഗാന്ധി അടക്കമുള്ളവർ തീരുമാനിച്ചു.ദയനീയ തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃമാറ്റം ഇല്ലാതെ നിലവിലെ നേതൃത്വത്തിൽ തുടരാൻ അനുവദിക്കുന്നത് പ്രവർത്തകരെ നിരാശപ്പെടുത്തുമെന്ന് രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. നേതൃമാറ്റം പാർട്ടിക്ക് പുതിയ ഉണർവ് നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.ഇതുതന്നെയായിരുന്നു ഡൽഹിയിൽ എ.കെ ആന്റണി അടക്കമുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും അഭിപ്രായം.

ഗ്രൂപ്പുകളുടെ കൈക്കുള്ളിൽ നിന്ന് സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയം മോചനം നേടുന്നതിന്റെ സൂചനയാണ് വിഡി സതീശന്റെപ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള കടന്നുവരവ് സൂചിപ്പിക്കുന്നത്. ഒന്നര പതിറ്റാണ്ടായി എ ഐ ഗ്രൂപ്പുകൾ നയിക്കുന്ന ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല എന്നിവർക്കുള്ള വലിയ അടിയായും ഈ മാറ്റം വിലയിരുത്തപ്പെടുന്നു. അധികം വൈകാതെ കെപിസിസിയുടെ തലപ്പത്തും യുഡിഎഫ് കൺവീനർ പദവിയിലും മാറ്റമുണ്ടാകുമെന്നും വാർത്തകൾ പുറത്തുവരുന്നു.

തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തിരുത്തൽ നടപടികൾ വേണമെന്ന് നിയമസഭാതിരഞ്ഞെടുപ്പിന് ഒരുങ്ങും മുമ്പേ കേരള നേതാക്കളെ ദില്ലിയിൽ വച്ച് കണ്ട രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.മുൻകാല തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും എടുക്കുന്ന ഒരോ ചുവടും ഹൈക്കമാൻഡിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും എന്ന സൂചനയും ദില്ലിയിലെത്തിയ കേരളത്തിലെ നേതാക്കൾക്ക് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ഹൈക്കമാൻഡ് ശ്രമം.

'പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം കൊടുക്കുമെന്ന നിർദ്ദേശം പാലിക്കപ്പെടണം. കാലത്തിന്റെ മാറ്റം തിരിച്ചറിയാതിരുന്നാൽ തിരിച്ചടിയുണ്ടാകുമെന്ന ബോധമുണ്ടാകണം'' രാഹുൽ അന്ന് പറഞ്ഞു.തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടപ്പോൾ നേതൃമാറ്റം എന്ന ഒറ്റമൂലി പ്രയോഗിക്കാൻ ഹൈക്കമാന്റ് നിർബന്ധിതമായി.

പുതിയ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തപ്പോൾ താൻ ഏറെ അപമാനിതനായെന്ന് തന്റെ പ്രതിഷേധമറിയിച്ച് ചെന്നിത്തല കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചതായി വാർത്തകൾ പുറത്തുവന്നു. പ്രതിപക്ഷ നേതാവിനെ മാറ്റുമെന്ന കാര്യം താൻ നേരത്തേ അറിഞ്ഞില്ലെന്നും, അറിയിച്ചിരുന്നെങ്കിൽ സ്വയം പിന്മാറിയേനെയെന്നും ചെന്നിത്തല പരാതിയിൽ പറഞ്ഞതായാണ് വാർത്ത പ്രചരിച്ചത്.

ഒരു പദവിക്കും പിന്നാലെ പായുന്ന ആളല്ല താൻ. നേരത്തെ അറിയിച്ചിരുന്നെങ്കിൽ സ്വയം മാറിനിൽക്കുമായിരുന്നു. എന്നാൽ, അവസാന നിമിഷം തന്നെ മാറ്റിയത് നീതിനിഷേധമാണെന്നും അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും ചെന്നിത്തല സോണിയക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.

പ്രതിപക്ഷനേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ നിന്ന് പോലും പിന്തുണ ലഭിച്ചില്ല. ഫലത്തിൽ തന്നെ ഒഴിവാക്കി അപമാനിക്കുകയാണ് ചെയ്തത്. സംഘടനാദൗർബല്യമാണ് കോൺഗ്രസിന്റെ പരാജയത്തിന് കാരണമെന്നും ചെന്നിത്തല കത്തിൽ സൂചിപ്പിച്ചതായാണ് പ്രചരിച്ച വാർത്ത.

ചെന്നിത്തലയ്ക്ക് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കാൻ അവസരം നൽകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ താൻ ഡൽഹിയിലേക്കില്ലെന്നും ഹരിപ്പാട് എം.എൽ എ എന്ന നിലയിൽ കേരളത്തിൽ തന്നെ പ്രവർത്തിക്കും എന്നും ചെന്നിത്തല മാധ്യമങ്ങൾക്ക് മുന്നിൽ ഉറപ്പിച്ചുപറഞ്ഞു.

ഡൽഹിയിലേക്ക് ഇല്ല എന്ന ചെന്നിത്തലയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കിയായിരുന്നു കേരളകൗമുദിയിൽ വരച്ച കാർട്ടൂൺ.ഉരലുചെന്ന് മദ്ദളത്തോട് പരാതിപറയുന്നു എന്ന ചൊല്ലിനെ അടിസ്ഥാനമാക്കിയായിരുന്നു കാർട്ടൂൺ.തലയിൽ പിണറായി വിജയന്റെ കുത്തുകളിൽ സഹികെട്ടാണെങ്കിലും ഡൽഹിയിൽ ഇരുവശത്തുനിന്നും മോദിയുടെ പ്രഹരമേൽക്കുന്ന കോൺഗ്രസ് ഹൈക്കമാന്റിന്റെ അവസ്ഥയേക്കാൾ കേരളത്തിൽ തുടരുന്നതാണ് നല്ലത് എന്ന് തിരിച്ചറിയുന്ന ഉരൽ ആയാണ് ചെന്നിത്തലയെ ചിത്രീകരിച്ചത്.സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം നല്ല പ്രതികരണങ്ങൾ ലഭിച്ച കാർട്ടൂൺ ആയിരുന്നു ഇത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARTOON STORIES, WEEKLY, ART, VARAYORMAKAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.