കേന്ദ്രസാഹിത്യ അക്കാഡമിയുടെ 2020ലെ യുവ എഴുത്തുകാർക്കുള്ള പുരസ്കാരം നേടിയ അബിൻ ജോസഫ് സിക്സർ അടിച്ച ബാറ്റ്സ്മാനെപ്പോലെ ആവേശത്തിലാണ്. എഴുത്തിന്റെ വഴിയിലെ മികച്ച ഇന്നിംഗ്സ് ആയിരുന്നു 'കല്യാശ്ശേരി തീസിസ്." അക്ഷരം കൊണ്ടുള്ള കളിയിൽ ഇപ്പോൾ മാൻ ഓഫ് ദി മാച്ചായി സാഹിത്യ തിരുമുറ്റത്ത് നിൽക്കുന്നു. സിനിമയെയും ക്രിക്കറ്റിനെയും ഏറെ സ്നേഹിക്കുന്ന അബിൻ, മലയാള കഥാ സാഹിത്യത്തിൽ തന്റേതായ ഇടം നേടി. പുതിയ ചിന്തയും രചനാ രീതിയും കൊണ്ട് ക്ഷുഭിത യൗവനത്തെ അക്ഷര സമൃദ്ധമാക്കിയ ഈ എഴുത്തുകാരൻ ഏറെ പ്രതീക്ഷ നൽകുന്നു.കുടിയേറ്റ മേഖലയായ ഇരിട്ടിയിൽ ജനിച്ചു വളർന്ന അബിൻ ശക്തമായ കഥാപാത്രങ്ങളെ വായനക്കാരുടെ മുമ്പിൽ അവതരിപ്പിച്ച് ഇതിനകം കൈയടി നേടി. കേന്ദ്ര സാഹിത്യ അക്കാഡമിയുടെ പുരസ്കാരം അബിന്റെ വഴിയിൽ പ്രകാശം ചൊരിയും. പ്രിയ എഴുത്തുകാരൻ മനസ് തുറക്കുന്നു.
ക്രിക്കറ്റിനെ ഒരുപാട് സ്നേഹിക്കുന്ന അബിൻ കല്യാശ്ശേരി തീസിസിന്റെ ആമുഖത്തിൽ പറയുകയുണ്ടായി ഗസ്റ്റ് അദ്ധ്യാപകനായി ജോലി കിട്ടിയപ്പോൾ അവസാന പന്തിൽ സിക്സറടിച്ച് കളി ജയിക്കാൻ നിൽക്കുന്നവന്റെ വെപ്രാളം പിടികൂടിയെന്ന്. ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാഡമി യുവ പുരസ്ക്കാരത്തോടെ മാൻ ഓഫ് ദി മാച്ചും ആയി. എന്തു തോന്നുന്നു?
എഴുത്ത് അങ്ങനൊരു മത്സരമായിട്ട് ഞാൻ കാണുന്നില്ല. നമ്മളേക്കൊണ്ട് പറ്റുന്നതുപോലെ എഴുതുന്നു. ചില കഥകൾ ആളുകൾക്ക് ഇഷ്ടപ്പെടുന്നു; നല്ലതു പറയുന്നു. ചിലത് ഇഷ്ടപ്പെടാതെ വരും. അപ്പോൾ വിമർശനങ്ങളുണ്ടാകും. ഇടയ്ക്കിങ്ങനെ അംഗീകാരങ്ങളും തേടിയെത്തിയേക്കാം. എങ്കിലും എഴുതാൻ പറ്റുന്നു എന്നതാണ് വലിയ കാര്യമായി ഞാൻ കാണുന്നത്.
'കല്യാശ്ശേരി തീസിസ് " എന്ന കഥയിൽ കാണാതായ അച്ഛന് എന്തു പറ്റിയെന്ന് അന്വേഷിക്കുന്ന മകനെ കാണാൻ സാധിച്ചു. ഈ രാഷ്ട്രീയ കഥ എല്ലാക്കാലത്തും പ്രസക്തമാകുമെന്ന് തോന്നുന്നോ?
എല്ലാ കഥകളും എക്കാലത്തും പ്രസക്തമായിരിക്കണം, നിലനിൽക്കണം, കാലത്തെ അതിജീവിക്കണം എന്നൊക്കെയുള്ള അത്യാഗ്രഹം നമുക്കുണ്ടാകും. പക്ഷേ, അങ്ങനെ സംഭവിക്കണം എന്നില്ലല്ലോ. ചില കഥകൾ പെട്ടെന്ന് മറവിയിലേക്ക് പോയേക്കും. ചിലത് അവഗണിക്കപ്പെട്ടേക്കും. അതൊന്നും നമ്മുടെ കൈയിലല്ലോ. കാലമാണ് യഥാർത്ഥ വായനക്കാരൻ. കാലം തീരുമാനിക്കട്ടെ, കഥകളുടെ നിലനിൽപ്പും പ്രസക്തിയുമൊക്കെ.
'100 മില്ലി കാവ്യജീവിതം" എന്ന കഥ സിനിമാ മോഹം തലക്ക് പിടിച്ച വക്കീലിന്റെ ജീവിതമാണ്. ജോൺ എബ്രഹാമിന്റെ ജീവിതത്തിനെ കുറിച്ചുള്ള കാഴ്ചകൾ എങ്ങനെയാണ് ഇത്ര തീവ്രമായി എഴുതാൻ സാധിച്ചത്?
പൂർണമായും ഒരു സാങ്കൽപ്പിക കഥയാണ്, 100 മില്ലി കാവ്യജീവിതം. ജോൺ എബ്രഹാമിന്റെ ജീവിതം ഇന്ന് ഒരു മിത്ത് പോലെയാണ് മലയാളികൾ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകളേക്കാൾ ആഘോഷിക്കപ്പെടുന്നതും വീണ്ടും വീണ്ടും സംസാരവിഷയമാകുന്നതും ജോൺ എബ്രഹാമിന്റെ ജീവിതമാണ്. മറ്റൊരു മലയാളിയും ഈ വിധം ഒരു മിത്തായി മാറിയിട്ടുണ്ടെന്നു തോന്നുന്നില്ല. ജോൺ എബ്രഹാമിനെ കഥാപാത്രമാക്കി ഒരു കഥയെഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് '100 മില്ലി കാവ്യജീവിത" ത്തിൽ എത്തിച്ചേരുന്നത്. ജോൺ എബ്രഹാമിന്റേത് തീക്ഷ്ണമായ ജീവിതമായിരുന്നു. അതുകൊണ്ടാവാം കഥയും തീവ്രമായത്.
'ഒ.വി.വിജയന്റെ കാമുകി "എന്ന കഥ വിജയനോട് ആരാധന മൂത്ത ഒരു സ്ത്രീയുടെ കഥ കെട്ടുകഥയാണെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. യഥാർത്ഥ സംഭവമായി കാണാമോ?
'ഒ.വി. വിജയന്റെ കാമുകി" യും നൂറു ശതമാനം സാങ്കൽപ്പിക കഥയാണ്. ഒ.വി. വിജയൻ എന്ന മഹാസാഹിത്യകാരൻ എനിക്ക് ഭ്രമാത്മകമായ ഒരു അനുഭൂതിയാണ്. അദ്ദേഹത്തിന്റെ ചിത്രം കാണുമ്പോഴും അദ്ദേഹത്തെക്കുറിച്ച് ഓർമിക്കുമ്പോഴും ഒരുതരം ഫാന്റസിയുടെ അനുഭവമാണ് ഉണ്ടാകാറുള്ളത്. അത്തരത്തിൽ ഭ്രമാത്മകമായ അനുഭവങ്ങൾ നിറഞ്ഞൊരു കഥയെഴുതാനുള്ള മോഹത്തിൽനിന്നാണ് 'ഒ.വി. വിജയന്റെ കാമുകി" പിറന്നത്.
കഥയെഴുത്തിലേക്ക് വന്ന വഴി വിശദീകരിക്കാമോ?
കണ്ണൂർ ജില്ലയിലെ കീഴ്പ്പള്ളി എന്ന ഗ്രാമമാണ് ഞങ്ങളുടേത്. കുടിയേറ്റക്കാരുടെ ഇടമാണ്. തൊട്ടടുത്ത് കാടുണ്ട്. നാടിനെ കാടിൽനിന്നു വേർതിരിക്കുന്ന പുഴയുണ്ട്. അനേകം മനുഷ്യരുണ്ട്. അവരുടെ ആയിരമായിരം കഥകളുണ്ട്. എന്നാൽ കലാപരമായ ഒരു അന്തരീക്ഷമൊന്നും അവിടെയില്ല. കൃഷിയാണ് പ്രധാനപ്പെട്ട പരിപാടി. ഞാൻ എങ്ങനെയോ എഴുത്തിൽ എത്തിച്ചേരുകയായിരുന്നു. പിന്നീടാണ് സത്യത്തിൽ വായിച്ചു തുടങ്ങുന്നത്. അവിടുത്തെ ചെറിയ ഗ്രാമീണവായനശാലകളിലെ പുസ്തകങ്ങളായിരുന്നു, ആശ്രയം. ഓരോ ആഴ്ചയും വായനശാലകളിൽ പോകും. ആർത്തിയോടെ വായിക്കും. അങ്ങനെ വായന വളർന്നതിനൊപ്പം എഴുതുക കൂടി ചെയ്തു.
കരുത്തും ധൈര്യവുമുള്ള കുടിയേറ്റ കർഷകരുടെ ജീവിതം പറയുന്ന കഥകൾ ആണല്ലോ കുടുതലും. ആ പച്ചയായ ജീവിതങ്ങളുടെ കഥയിൽ വാറ്റ് ചാരായത്തിന്റെ മണം നിറയുന്നു. ആരുടെ കഥ പറയണമെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്?
മിക്കവാറും സന്ദർഭങ്ങളിൽ കഥയുടെ തലക്കെട്ടാണ് എന്റെ മനസിൽ ആദ്യം വരാറുള്ളത്. പിന്നീട് കഥാപാത്രങ്ങളുടെ രൂപവും ജീവിതവും തെളിഞ്ഞുവരും. കഥാപാത്രങ്ങൾക്കൊപ്പമുള്ള സഞ്ചാരമാണ് എഴുത്ത്. ഒരു കഥാപാത്രം അടുത്ത നിമിഷത്തിൽ എങ്ങനെ പെരുമാറുമെന്ന് എനിക്കുതന്നെ അറിയില്ല. ആ ഒരു അനിശ്ചിതത്വവും അപ്രവചനീയതയുമാണ് എഴുത്തിന്റെ ആവേശം.
മുറിയിൽക്കയറി വാതിലടച്ചവന്റെ മാനസികാവസ്ഥയാണ് എഴുത്തു മേശയ്ക്ക് മുമ്പിൽ ഇരിക്കുമ്പോൾ എന്ന് അബിൻ പറഞ്ഞിട്ടുണ്ട്.ശരിക്കും ആ തീവ്രമായ പിടച്ചിൽ ഉണ്ടാകുന്നതു കൊണ്ടാണോ ശക്തമായ കഥകൾ വരുന്നത്?
എഴുത്ത് എനിക്ക് എല്ലാക്കാലവും പിടച്ചിലാണ്. മാനസികമായും ശാരീരികമായും ബാധിക്കുന്ന ഒന്ന്. കഥയുടെ ആശയവും തലക്കെട്ടും കിട്ടിയാലും പരമാവധി ദിവസം അതെഴുതാതെ നടക്കും. ചിലപ്പോൾ അതു മാസങ്ങൾ നീളും. എഴുതാതെ വേറെ വഴിയില്ല എന്ന അവസ്ഥയെത്തുമ്പോഴാണ് ഇരിക്കുന്നത്. എങ്ങനെയെങ്കിലും എഴുതിതീർക്കണം എന്ന പിടച്ചിലാവും അപ്പോൾ. പക്ഷേ, അതിന് ഒരു ആനന്ദവുമുണ്ട്.
അബിന്റെ കഥകളിലെ വായനക്കാരെ ഒപ്പം കൊണ്ടുപോകാനുള്ള സവിശേഷസിദ്ധിയെ കുറിച്ച് ഒന്നു പറയാമോ?
വായനക്കാരെക്കുറിച്ച് ആലോചിച്ച് നമുക്ക് എഴുതാനാവില്ല. കഥാപാത്രങ്ങളെ അവരുടെ പാട്ടിനു വിടുക. അവരെ വെറുതെ പിന്തുടരുക മാത്രം ചെയ്യുക. ആ കഥാപാത്രങ്ങളുടെ പോക്ക് വായനക്കാർക്ക് ഇഷ്ടപ്പെട്ടാൽ അവർ കഥ വായിക്കും. ഇല്ലെങ്കിൽ പാതിയിൽ ഉപേക്ഷിക്കും. അത് വായനക്കാരുടെ സ്വാതന്ത്ര്യവും അധികാരവുമാണ്. ആത്യന്തികമായി എഴുത്തുകാരല്ല, വായനക്കാരാണ് സാഹിത്യത്തെ നിലനിർത്തുന്നത്.
സിനിമകൾ റിലീസ് ചെയ്യുന്നതിനുമുമ്പ് ആഘോഷിക്കുന്ന ആളാണ് അബിൻ. സിനിമയെ ഇത്രയേറെ ഇഷ്ടപ്പെടുന്നതു കൊണ്ടാണോ അബിന്റെ കഥകൾ സിനിമ കാണുന്നതു പോലെ വായിക്കാൻ സാധിക്കുന്നത്?
1990 ൽ ജനിച്ച ഒരാളാണ് ഞാൻ. എന്റെ തലമുറയിൽപ്പെട്ടവരും പിന്നീടുള്ളവരും ചെറുപ്രായം മുതൽ ടെലിവിഷൻ കണ്ടു തുടങ്ങിയവരാണ്. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് വീട്ടിൽ ടി വി വാങ്ങുന്നത്. സ്വാഭാവികമായും ദൃശ്യമാദ്ധ്യമങ്ങളുടെ ദൃശ്യഭാഷയുടെ സ്വാധീനം ഞങ്ങളുടെയൊക്കെ തലമുറയിലുണ്ടെന്നാണ് എന്റെ വിശ്വാസം. തൊണ്ണൂറുകളുടെ അവസാനത്തിൽ കുറച്ചു വീടുകളിൽ മാത്രമേ ടി വിയുണ്ടായിരുന്നുള്ളൂ. പക്ഷേ, ചുരുങ്ങിയ കാലത്തിനുള്ള ഇലക്ട്രോണിക് വിപ്ലവം സംഭവിച്ചു. എല്ലാ വീടുകളിലും ടി വിയെത്തി. ഇപ്പോഴത് സ്മാർട്ട് ടി വിയായി. അതിനൊപ്പംതന്നെ മൊബൈൽഫോൺ വിപ്ലവവും നടന്നു. ഇതെല്ലാം ദൃശ്യഭാഷയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതാവാം കഥകളിൽ വിഷ്വൽസിന്റെ കടന്നുവരവിനുള്ള കാരണം.
പുതുകാല കഥകളെ എങ്ങനെ കാണുന്നു?
എക്കാലത്തും ഓർമിക്കപ്പെടാവുന്ന കഥകൾ മലയാളത്തിൽ ഇപ്പോൾ എഴുതപ്പെടുന്നുണ്ട്. പ്രതിഭാശാലികളായ ഒരുപാട് കഥാകൃത്തുക്കൾ ഇന്നു സജീവമായി എഴുതുന്നു. അവർക്കൊപ്പം കഥയിലെ ഇടം പങ്കിടാൻ സാധിക്കുന്നു എന്നതുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ അംഗീകാരമാണ്.
സോഷ്യൽ മീഡിയ എഴുത്തുകാരിൽ ആവേശം ഉണ്ടാക്കുന്നുണ്ടോ?
ഒരു കഥ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാൽ ഉടൻതന്നെ സോഷ്യൽ മീഡിയയിൽ അതിനെക്കുറിച്ചുള്ള പ്രതികരണം വരും. നല്ലതാണെങ്കിൽ അഭിനന്ദനം, മോശമാണെങ്കിൽ വിമർശനം. എന്തായാലും പെട്ടെന്നുതന്നെ പ്രതികരണമുണ്ടാകുന്നത് എഴുത്തുകാർക്ക് ആവേശം തന്നെയാണ്. വായനക്കാർ കഥയെ എങ്ങനെ വായിക്കുന്നു. കഥാപാത്രങ്ങളെ എങ്ങനെ മനസിലാക്കുന്നു എന്നൊക്കെ കൃത്യമായി മനസിലാക്കാനാകും. വായനക്കാരുമായുള്ള ഹൃദയബന്ധം സൃഷ്ടിക്കാനും സോഷ്യൽ മീഡിയ അവസരമൊരുക്കുന്നുണ്ട്. സർഗാത്മകമായ നിലനിൽപ്പിനെ സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം.
'അരിവാൾ ചുറ്റിക നക്ഷത്രം" എന്ന ടൈറ്റിലാണോ മനസിൽ എത്തിയത്. പേരു പോലെ ഗംഭീരമായിരുന്നു അതിലെ സ്ത്രീ ജീവിതങ്ങളുടെ വരച്ചുകാട്ടലും. ആ കഥയിലേക്കെത്തിയ അനുഭവം പങ്കിടാമോ?
പല കാലങ്ങളിൽ കണ്ടും കേട്ടും നേരിട്ടറിഞ്ഞും മനസിൽ പതിഞ്ഞ കരുത്തരായ അനേകം സ്ത്രീകളുണ്ട്. അവരുടെ ജീവിതവും രാത്രികളും പ്രേമവും കാമവും പ്രതികാരവുമൊക്കെ എഴുതണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ആലോചനകളാണ് 'അരിവാൾ ചുറ്റിക നക്ഷത്രം" എന്ന കഥയിലേക്ക് എത്തിച്ചത്.
(ലേഖകന്റെ ഫോൺ: 8593045463)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |