SignIn
Kerala Kaumudi Online
Monday, 07 July 2025 1.08 PM IST

ഭിന്നശേഷി ഉദ്യാേഗസംവരണം അട്ടിമറിക്കപ്പെടുമ്പോൾ

Increase Font Size Decrease Font Size Print Page

jj

സമൂഹത്തിന്റെ കരുതലും സംരക്ഷണവും ആവശ്യപ്പെടുന്ന വിഭാഗമാണ് ഭിന്നശേഷിക്കാർ. അവരുടെ സംരക്ഷണവും അവകാശവും ഉറപ്പുവരുത്താൻ രാജ്യത്ത് നിയമപരിരക്ഷയുമുണ്ട്. ഇതൊക്കെയാണെങ്കിലും അവരുടെ അവകാശങ്ങൾ തട്ടിയെടുക്കപ്പെടുന്നതായും അവർ കബളിപ്പിക്കപ്പെടുന്നതായും വ്യാപകമായ പരാതികൾ ഉയരുന്നു. ഭിന്നശേഷി വിഭാഗങ്ങൾക്ക് മാത്രമായി ദേശീയതലത്തിൽ ഒരു നിയമം നിലവിൽ വരുന്നത് 1995 ലാണ്. (പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 1995,). 1996 മുതൽ ഈ നിയമം പ്രാബല്യത്തിലുമായി.

ഉദ്യോഗം, തൊഴിൽ സംവരണം എന്നിങ്ങനെ ഭിന്നശേഷിക്കാർക്കുള്ള നിരവധി സംരക്ഷണവ്യവസ്ഥകൾ നിയമം അനുശാസിക്കുന്നുണ്ട്. ഭിന്നശേഷി വിഭാഗങ്ങൾക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്നതിനും ആ തസ്തികകളിലെ നിയമനങ്ങളിൽ മൂന്ന് ശതമാനത്തിൽ കുറയാത്ത സംവരണം എല്ലാ തൊഴിലിടങ്ങളിലും അർഹരായ ഭിന്നശേഷി വിഭാഗങ്ങൾക്ക് ഉറപ്പാക്കണമെന്നും ഉള്ള കർശനവ്യവസ്ഥ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. (സെക്‌ഷൻ 32,33) ഇതോടൊപ്പം സർക്കാർ - അർദ്ധസർക്കാർ സ്ഥാപനങ്ങൾ തങ്ങളുടെ വർക്ക് ഫോഴ്സിന്റെ അഞ്ച് ശതമാനം ഭിന്നശേഷി വിഭാഗക്കാർക്കായി നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. (സെക്ഷൻ 41).

1997 ഫെബ്രുവരി എട്ടിന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് ആദ്യമായി പ്രൊമോഷൻ മുഖാന്തരം നടത്തപ്പെടുന്ന തസ്തികകളിൽ മൂന്ന് ശതമാനം ഭിന്നശേഷി വിഭാഗത്തിന് നൽകുന്നതിൽ വ്യക്തത വരുത്തി ഉത്തരവിറക്കിയത്. 2005 ഡിസംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങളുണ്ട്. ഈ ഉത്തരവിൽ തന്നെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്തികകളിൽ പ്രൊമോഷൻ മുഖാന്തരം ഏത് വ്യവസ്ഥയിലാണ് ഒഴിവുകൾ കണക്കാക്കേണ്ടത് എന്നതിനെക്കുറിച്ചും വിശദീകരിക്കുന്നു.

കേന്ദ്രസർക്കാർ ഈ രീതിയിൽ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചെങ്കിലും ഒട്ടുമിക്ക വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ഈ വ്യവസ്ഥ പാലിച്ച് നിയമനം നടത്തിയിരുന്നില്ല എന്നത് ഖേദകരമാണ്. ഇതേതുടർന്നാണ് ഭിന്നശേഷിക്കാർ നീതിക്കുവേണ്ടി നിയമപോരാട്ടം ആരംഭിച്ചത്. ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും സർക്കാർ വകുപ്പുകളിൽ നിന്ന് ഭിന്നശേഷിക്കാർക്ക് നീതി ലഭിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോഴുമുള്ളത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ സംവരണത്തിൽ കേന്ദ്രസർക്കാരും നാഷണൽ ഫെഡറേഷൻ ഒഫ് ദ ബ്ളൈൻഡ് ആൻഡ് അദേർസ് എന്ന സംഘടനയും തമ്മിലുണ്ടായ കേസിൽ 2013 ലെ സുപ്രീംകോടതിയുടെ വിധി ഭിന്നശേഷിക്കാർക്ക് അനുകൂലമായിരുന്നു. തൊഴിലിലും സ്ഥാനക്കയറ്റത്തിലും നിയമം വ്യവസ്ഥ ചെയ്യുന്ന ഭിന്നശേഷി സംവരണം കർശനമായി നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല. അനുബന്ധമായി 2016 ൽ വീണ്ടും വിധിവന്നപ്പോഴും കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ല. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ 2020 ജനുവരിയിൽ സുപ്രീം കോടതിയിൽ നിന്ന് വീണ്ടും ഭിന്നശേഷിക്കാർക്ക് അനുകൂലമായി ഉത്തരവുണ്ടായി.

ഈ ഉത്തരവ് ചൂണ്ടിക്കാട്ടി പ്രൊമോഷൻ സംവരണത്തിനായി അർഹരായ ഭിന്നശേഷി ഉദ്യോഗസ്ഥർ കേരള സർക്കാരിനെ സമീപിച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ല. തുടർന്ന് ഭിന്നശേഷിക്കാർക്ക് വ്യവസ്ഥ ചെയ്യുന്ന പ്രൊമോഷൻ സംവരണം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവുമുണ്ടായി. അതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വ്യവഹാരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തിനകം അർഹരായ ഭിന്നശേഷി ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. സംഗതികളുടെ കിടപ്പ് ഇതാണെങ്കിലും ഭിന്നശേഷിസംവരണം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥതലത്തിൽ ഇപ്പോഴും നടക്കുന്നത്. വിധി നടപ്പാക്കാനുള്ള ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഭിന്നശേഷിക്കാരുടെ സംഘടനാനേതാക്കൾ പറയുന്നു. കൃത്രിമമായ രേഖകൾ ചമച്ച് ഭിന്നശേഷിക്കാർക്ക് നിലവിൽ അർഹമായ സംവരണം നൽകി കഴിഞ്ഞുവെന്ന് സ്ഥാപിക്കാനാണത്രെ ശ്രമം. ഫലത്തിൽ കേരളത്തിലെ ഭിന്നശേഷിസംവരണം അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് അരങ്ങേറുന്നതെന്ന് ആരോപണമുണ്ട്.

(ലേഖകന്റെ ഫോൺ: 9496187334)

TAGS: DISABILITY, PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.