കോയമ്പത്തൂർ: മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ടുകൊണ്ട് ബൈക്കോടിച്ച യുവാവിനെ പൊലീസ് പിടികൂടി. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് (35) കോയമ്പത്തൂർ സിറ്റി പൊലീസിന്റെ പിടിയിലായത്.
വ്യാഴാഴ്‍ച രാത്രി ഗാന്ധിപുരം ഫ്ലൈ ഓവറിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിൽ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയൽ കാണുകയായിരുന്നു ഇയാള്‍. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. . ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തമിഴ്‍ സീരിയലായ 'രാജാ റാണി'യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പൊലീസ് പറയുന്നു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി. കൂടാതെ ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്‍ത ശേഷം ഉപദേശവും നല്‍കിയാണ് പൊലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |